പ്രദർശനം മേളയിലെ ശ്രദ്ധാകേന്ദ്രമായി കേരള പൊലീസിന്‍റെ സ്‌റ്റാള്‍ തിരുവനന്തപുരം:കേരള പൊലീസിന്‍റെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന എംപിഎസ്എ 3 സബ് മെഷീൻ തോക്കുകൾ, 7.62 അസ്സാൾട്ട് റൈഫിളുകൾ, കിലോമീറ്റർ ദൂരത്ത് നിന്നു പോലും ലക്ഷ്യം ഭേദിക്കുന്ന സ്നൈപർ. മാത്രമല്ല പേരൂർക്കടയിലെ പൊലീസിന്‍റെ എസ്എപി ക്യാമ്പിലെ ഡ്രോൺ ഫോറെൻസിക് ലാബ് ആൻഡ് റിസർച്ച് സെന്‍ററിൽ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത വെള്ളത്തിനടിയിലും സഞ്ചരിക്കുന്ന ഡ്രോണുകൾ എന്നിങ്ങനെ കനകക്കുന്ന് കൊട്ടാരവളപ്പിൽ സർക്കാരിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള എന്‍റെ കേരളം പ്രദർശന മേളയിലെ കേരള പൊലീസിന്‍റെ സ്‌റ്റാളിൽ കൗതുകങ്ങൾ ഏറെയാണ്.
സ്വയം പരിചയപ്പെടുത്തി 'പൊലീസ്':സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന മേളയിൽ കുറ്റകൃത്യങ്ങൾ നടക്കുന്നയിടങ്ങളിൽ വിരൽ അടയാളം ഉൾപ്പെടെ ശേഖരിച്ച് സൂക്ഷിക്കുന്ന രീതി. മണ്ണിടിച്ചിൽ, വെള്ളപൊക്കം എന്നിങ്ങനെയുള്ള പ്രകൃതി ദുരന്ത മേഖലകളിൽ ആവശ്യസാധനങ്ങൾ എത്തിക്കാൻ ഉപകരിക്കുന്ന 10 കിലോ വരെ ഉയർത്താൻ ശേഷിയുള്ള ഡ്രോണുകൾ. പൊലീസിന്‍റെ അത്യാധുനിക വയർലെസ് സംവിധാനം എന്നിവയും മേളയിൽ പ്രദർശനത്തിനുണ്ട്.
കുട്ടികൾക്ക് കലാപ്രകടനം നടത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്‌റ്റാളിലെ കുട്ടികളുടെ പ്രകടനം പൊലീസിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കും. അതേസമയം അടി തടയും തോക്കും ഫോറെൻസിക് ഉപകരണങ്ങളുമാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളതെങ്കിലും പുതിയ അനുഭവം സമ്മാനിക്കുന്ന പ്രദർശനം കണ്ടുമടങ്ങുന്ന കുട്ടികളും ഹാപ്പിയാണ്.
ആരോഗ്യമന്ത്രിയും ജില്ല കലക്‌ടറും നിറഞ്ഞുനിന്ന പരിപാടി:പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പരിപാടിയില്‍ സംഗീതജ്ഞന്‍ സ്‌റ്റീഫന്‍ ദേവസിയ്‌ക്കൊപ്പം നാടൻ പാട്ടുപാടി ആരോഗ്യമന്ത്രി വീണ ജോർജ് കയ്യടി നേടിയിരുന്നു. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച എന്‍റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സ്‌റ്റീഫന്‍ ദേവസിയുടെ സോളിഡ് ബാന്‍ഡ് അവതരിപ്പിച്ച സംഗീത പരിപാടിയ്ക്കിടെയാണ് മന്ത്രി നാടൻ പാട്ട് പാടിയത്. അതേസമയം സംഗീത പരിപാടിയിൽ ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യർ വസീഗര എന്ന ഗാനം പാടി സദസിന്‍റെ താരവുമായി. തുടർന്ന് പാടാം നമുക്ക് പാടാം എന്ന ഗാനവും ആലപിച്ച് കലക്‌ടർ സദസിനെ ഞെട്ടിച്ചു.
ഇതിന് മുന്നുള്ള ദിവസവും ജില്ല കലക്‌ടർ ഡോ. ദിവ്യ എസ് അയ്യര്‍ വേദിയെ കയ്യിലെടുത്തിരുന്നു. പ്രശസ്‌ത ഗായിക മഞ്ജരിയുമൊത്ത് ചിന്ന ചിന്ന ആസൈ പാടിയാണ് ദിവ്യ എസ് അയ്യര്‍ താരമായത്. 'എൻ്റെ കേരളം പ്രദർശന വിപണന മേള'യുടെ ആദ്യ ദിനത്തിലായിരുന്നു ഇത്.
ജനങ്ങൾ തിങ്ങിനിറഞ്ഞ ഓഡിറ്റോറിയത്തിലേക്ക് മഞ്ജരി എത്തുന്നത് മുതൽ പരിപാടി അവസാനിക്കുന്നത് വരെ നിലയ്ക്കാത്ത കരഘോഷമായിരുന്നു. ഇതിനിടെ പരിപാടി കാണാനെത്തിയ ജില്ല കലക്‌ടർ ഡോ.ദിവ്യ എസ് അയ്യർ വേദിയിലേക്ക് എത്തി മഞ്ജരിക്കൊപ്പം ചേർന്ന് ഗാനം ആലപിക്കുകയായിരുന്നു. മാത്രമല്ല മഞ്ജരിയുടെ അടിച്ചു പൊളി സിനിമ പാട്ടുകൾക്ക് ഒപ്പം കാണികൾ ചുവട് വയ്ക്കുക കൂടി ചെയ്‌തപ്പോൾ ജില്ല സ്റ്റേഡിയത്തിലെ വൻ ജനാവലി അക്ഷരാർഥത്തിൽ ഇളകി മറിഞ്ഞു.
Also Read: സ്‌റ്റീഫന്‍ ദേവസിയ്‌ക്കൊപ്പം നാടൻ പാട്ടുമായി വീണ ജോർജ്; വസീഗര പാടി വീണ്ടും ഞെട്ടിച്ച് ദിവ്യ എസ് അയ്യർ