തിരുവനന്തപുരം : നിരന്തരം കുറ്റകൃത്യം ചെയ്യുന്നവരുടെ ചരിത്രവും ബിനാമി ഇടപാടിന്‍റെ രേഖകളും ശേഖരിച്ച് പഴുതുകളടച്ച നടപടികളിലൂടെ ഗുണ്ടാപ്രവര്‍ത്തകരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരുമെന്ന് ജില്ല പൊലീസ് കമ്മിഷണര്‍ നാഗരാജു. ഒരിടവേളയ്‌ക്ക് ശേഷം തലസ്ഥാനത്ത് വീണ്ടും തലപൊക്കിയ ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ പൊലീസ് പുതുതായി രൂപീകരിച്ച ഓപ്പറേഷന്‍ സുപ്പാരിയെ കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി എട്ടിന് പാറ്റൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് യുവാക്കള്‍ക്ക് വെട്ടേല്‍ക്കുകയും മെഡിക്കല്‍ കോളജില്‍ അംബുലന്‍സ് ഡ്രൈവറെ കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവങ്ങളെ തുടര്‍ന്നാണ് ജില്ല പൊലീസിന്‍റെ നടപടി.
'പഴുതുകളടച്ച് വലയിലാക്കും' ; ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ 'ഓപ്പറേഷന്‍ സുപ്പാരി'യുമായി പൊലീസ്
സജീവമാകുന്ന ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയമത്തിന് മുന്നിലെത്തിക്കാന്‍ ഓപ്പറേഷന്‍ സുപ്പാരിയുമായി തിരുവനന്തപുരം ജില്ല പൊലീസ്
ആര്‍ക്ക് വേണമെങ്കിലും ഇത്തരം അക്രമപ്രവര്‍ത്തനങ്ങളില്‍ പരാതിപ്പെടാനുള്ള സംവിധാനമുണ്ട്. ബിനാമി ഇടപാടുകാരും പൊലീസിന്‍റെ നിരീക്ഷണത്തിലാണ്. വീണ്ടും സജീവമാകുന്ന ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് പൊലീസിന്‍റെ നീക്കമെന്നും കമ്മിഷണര്‍ നാഗരാജു പറഞ്ഞു.
മാത്രമല്ല കുപ്രസിദ്ധ ഗുണ്ടകളായ ഓം പ്രകാശും പുത്തന്‍പാലം രാജേഷും വര്‍ഷങ്ങളുടെ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ആക്രമണങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നുവെന്നത് പൊലീസ് ഗൗരവമായാണ് കാണുന്നത്. പാറ്റൂരിലെ ആക്രമണത്തില്‍ ഓംപ്രകാശിന്‍റെ ഡ്രൈവറടങ്ങുന്ന സംഘത്തെ പേട്ട പൊലീസ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നിന്ന് അറസ്‌റ്റ് ചെയ്തിരുന്നു. അക്രമി സംഘം ഉപയോഗിച്ച കാറും ഓംപ്രകാശ് താമസിക്കുന്ന ഫ്‌ളാറ്റിന് താഴെ നിന്നും പൊലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ ഓംപ്രകാശ് എട്ടാം പ്രതിയാണ്.