തിരുവനന്തപുരം: രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് നടക്കുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധങ്ങളെ ഉത്തർപ്രദേശ് പൊലീസിനെ പോലെയാണ് കേരള പൊലീസ് നേരിടുന്നതെന്ന ആക്ഷേപവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ. പൊലീസിന്‍റെ അതിക്രമങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. പൊലീസ് നടത്തിയ ആക്രമണങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടെ മാധ്യമ പ്രവർത്തകരെ കാണിച്ചുകൊണ്ടായിരുന്നു ഷാഫി പറമ്പിലിന്‍റെ വാർത്ത സമ്മേളനം.
'രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്നുണ്ടെങ്കിലും ഇത്തരത്തിൽ അടിച്ചമർത്തൽ കേരളത്തിൽ മാത്രമാണ് നടക്കുന്നത്. ആർഎസ്എസിന്‍റെ കാവിക്കെതിരെ സമരം നടത്തുമ്പോൾ പൊലീസിന്‍റെ കാക്കിക്ക് പൊള്ളുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരു പ്രകോപനവും ഇല്ലാതെയാണ് പ്രവർത്തകരെ വളഞ്ഞിട്ട് തലയടിച്ചു പൊട്ടിച്ചത്. സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി പൊലീസിന്‍റെ പ്രവർത്തനം വിലയിരുത്തണം. കാവി ധരിച്ച ആർഎസ്എസുകാരെ പോലെയാണ് യൂത്ത് കോൺഗ്രസുകാരെ പൊലീസ് ആക്രമിച്ചത്. ആരുടെ നിർദേശം അനുസരിച്ചാണ് ഈ അതിക്രമം എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം,' ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു.
പല നേതാക്കൾക്കെതിരെയും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തുടർ സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണോ ഇതെന്ന് വ്യക്തമാക്കണം എന്നാവശ്യപ്പെട്ട പാലക്കാട് എംഎൽഎ കൂടിയായ ഷാഫി പറമ്പിൽ രാജ്യത്തെ സാഹചര്യം പരിശോധിക്കുകയാണെങ്കില്‍ അനിവാര്യമായ ഒരു സമരം നടക്കുമ്പോൾ യോഗി പൊലീസിനെ പോലെയാണ് കേരള പൊലീസ് നേരിടുന്നതെന്നും ഇത് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു എന്നും ആക്ഷേപിച്ചു.