തിരുവനന്തപുരം: കേരളത്തിൽ നിന്നും ഇസ്രയേലിലേക്ക് തീർത്ഥയാത്ര പോയ സംഘത്തിലെ ആറുപേർ മുങ്ങിയതായി പരാതി. യാത്രയ്ക്ക് നേതൃത്വം നൽകിയ മലങ്കര കത്തോലിക്ക സഭയിലെ പുരോഹിതനായ ഫാദർ ജോർജ് ജോഷോയാണ് സംഘത്തിലുണ്ടായിരുന്നവർ ഇസ്രയേലിൽ മുങ്ങിയതായി ഡിജിപിക്ക് പരാതി നൽകിയത്. 26 പേരടങ്ങുന്ന തീർത്ഥാടക സംഘവുമായി ഫെബ്രുവരി എട്ടിനാണ് ഫാദർ ജോർജ് ജോഷോ ഇസ്രയേലിലേക്ക് പോയത്.
ഈജിപ്‌ത്, ഇസ്രയേൽ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലായിരുന്നു സംഘം സന്ദർശിച്ചത്. ഫെബ്രുവരി 11ന് സംഘം ഇസ്രയേലിൽ എത്തി. ഇവിടെ സംഘം താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് ആറ് പേരും മുങ്ങിയത്. മൂന്നുപേർ പതിനാലാം തീയതിയും മൂന്നുപേർ 15ന് പുലർച്ചയുമാണ് ഹോട്ടലിൽ നിന്നും ഇറങ്ങിപ്പോയത്. 69 കാരിയും മുങ്ങിയവരുടെ കൂട്ടത്തിലുണ്ട്.
എന്നാലും എവിടെ പോയി:ഷൈനി രാജു, രാജു തോമസ്, മേഴ്സി ബേബി, ആനി തോമസ്, സെബാസ്‌റ്റ്യൻ, ലൂസി രാജു, കമലം എന്നിവരാണ് സംഘത്തിൽ നിന്നും മുങ്ങിയത്. സംഘത്തിൽ നിന്ന് ആറ് പേരെ കാണാതായതോടെ ഇസ്രയേൽ ഇമിഗ്രേഷൻ പൊലീസിൽ ഫാദർ ജോർജ് ജോഷോ പരാതി നൽകി. ഇസ്രയേൽ ലോക്കൽ പൊലീസിലും വിവരം അറിയിക്കുകയും ചെയ്തിരുന്നു. അന്വേഷണം നടത്താമെന്ന് അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അതേസമയം യാത്രയ്ക്കായി ഏൽപ്പിച്ച പാസ്പോർട്ട് പോലും തിരികെ വാങ്ങാതെയാണ് ആറ് പേരും മുങ്ങിയത്.
മുങ്ങല്‍ പതിവാകുന്നോ:തിരുവല്ല കേന്ദ്രമായി പ്രവർത്തിക്കുന്ന ഇമ്മാനുവൽ ഹോളിഡേയ്സാണ് സംഘത്തിന് യാത്രയ്ക്ക് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഫെബ്രുവരി 19നാണ് സംഘം യാത്ര പൂർത്തിയാക്കി മടങ്ങിയെത്തിയത്. ഇന്നലെ ഡിജിപിക്ക് ഫാദർ ജോർജ് ജോഷോ ഇത് സംബന്ധിച്ച് പരാതി നൽകി.
പരാതി അന്വേഷിക്കാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. കൃഷിരീതികൾ പഠിക്കാൻ സർക്കാർ അയച്ച സംഘത്തിലെ ഒരാളും കഴിഞ്ഞ ദിവസം ഇസ്രയേലിൽ മുങ്ങിയിരുന്നു. കണ്ണൂർ സ്വദേശിയായ ബിജു കുര്യനാണ് സർക്കാർ സംഘത്തിൽ നിന്നും മുങ്ങിയത്. ഇയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.