തിരുവനന്തപുരം: നിയമസഭ സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണനെതിരെ പ്രമേയം നല്‍കിയതിന് പിന്നാലെ പിണറായി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. ചട്ടം 63 പ്രകാരം വി.ഡി സതീശന്‍ എംഎല്‍എയാണ് നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഈ സഭ അവിശ്വാസപ്രമേയം രേഖപ്പെടുത്തുന്നുയെന്ന ഒറ്റവരിയാണ് പ്രമേയ നോട്ടീസ് നല്‍കിയിരിക്കുന്നത്. ധനവിനിയോഗ ബില്ല് അവതരിപ്പിക്കാനായി ചേരുന്ന ജൂലായ് 27ലെ ഒറ്റദിവസത്തെ സമ്മേളനത്തില്‍ പ്രമേയത്തിന് അവതരണാനുമതി നല്‍കണമെന്ന് വി.ഡി സതീശന്‍ എംഎല്‍എ കത്തില്‍ അഭ്യര്‍ത്ഥിച്ചു. ചട്ടപ്രകാരം നാല് ദിവസം മുമ്പ് അവിശ്വാസ പ്രമേയം നല്‍കണമെന്നാണ്. ഇത് പാലിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എം.ഉമ്മര്‍ എം.എല്‍.എയാണ് സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണനെ നീക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം വ്യാഴാഴ്‌ച നിയമസഭാ സെക്രട്ടറിക്ക് നല്‍കിയത്.
സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയവുമായി പ്രതിപക്ഷം - thiruvananthapuram
പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ ഈ സഭ അവിശ്വാസ പ്രമേയം രേഖപ്പെടുത്തുന്നു എന്ന ഒറ്റവരിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

സ്വര്‍ണക്കടത്ത് കേസിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നീക്കം. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ആദ്യമായാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്‍റെ പങ്ക്, മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐടി വകുപ്പില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിനെ നിയമിച്ചത് തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിരുന്നു. എന്നാല്‍ പ്രത്യക്ഷ സമരം ഹൈക്കോടതി വിലക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ സാധ്യമായ രീതിയില്‍ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ നീക്കം. ഇതിന്‍റെ ഭാഗമായാണ് സ്പീക്കര്‍ക്കെതിരായ പ്രമേയവും സര്‍ക്കാറിനെതിരായ അവിശ്വാസ പ്രമേയവും.