തിരുവനന്തപുരം:1982ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം പരീക്ഷിച്ചത് എറണാകുളം ജില്ലയിലെ പറവൂര്‍ നിയോജക മണ്ഡലത്തിലായിരുന്നു. വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ സിപിഐയിലെ എന്‍.ശിവന്‍പിള്ളയ്ക്കായിരുന്നു ജയം. 1982ല്‍ പറവൂരില്‍ എല്‍ഡിഎഫ് ആരംഭിച്ച പടയോട്ടത്തിന് തടയിടാന്‍ ഒരു പരീക്ഷണം എന്ന നിലയിലാണ് കോണ്‍ഗ്രസ് നേതൃത്വം യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വി.ഡി സതീശനെ പറവൂരിലേക്ക് നിയോഗിക്കുന്നത്.
എന്നാൽ സതീശന് അത്ഭുതമൊന്നും സൃഷ്ടിക്കാനായില്ല. സിറ്റിംഗ് എംഎല്‍എ പി.രാജുവിനോടു സതീശന്‍ പരാജയപ്പെട്ടു. പക്ഷേ പരാജയപ്പെട്ട സതീശന്‍ മുഖം കുനിച്ച് പിന്തിരിഞ്ഞു നടക്കുകയായിരുന്നില്ല. അഞ്ച് വര്‍ഷവും പറവൂരിലെ ജനങ്ങള്‍ക്കൊപ്പം നിന്നു. 2001ലെ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നപ്പോള്‍ സിറ്റിംഗ് എം.എല്‍.എ പി.രാജുവിനെ സതീശന്‍ മലര്‍ത്തിയടിച്ചു. പിന്നീട് സതീശനെ പറവൂരും പറവൂരിനെ സതീശനും കൈവിട്ടിട്ടില്ല. ഇപ്പോള്‍ സതീശനിലൂടെ പറവൂര്‍ നിയോജക മണ്ഡലം സംസ്ഥാന ശ്രദ്ധയിലേക്കെത്തുകയാണ്.
വിദ്യാർഥി രാഷ്‌ട്രീയം
പ്രീഡിഗ്രി വിദ്യാര്‍ഥിയായി എറണാകുളം മഹാരാജാസ് കോളജിലെത്തിയ വി.ഡി. സതീശന്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയാണ് മഹാരാജാസിൽ നിന്ന് പുറത്തു വരുന്നത്. ഈ അഞ്ച് വര്‍ഷക്കാലവും അദ്ദേഹം കോളജിലെ കെഎസ്‌യുവിന്‍റെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായിരുന്നു. 1983ല്‍ ഇപ്പോഴത്തെ എം.ജി സര്‍വ്വകലാശാല ഗാന്ധിജി യൂണിവേഴ്‌സിറ്റി എന്ന പേരില്‍ ആരംഭിക്കുമ്പോള്‍ സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി കെഎസ്‌യു നിയോഗിച്ചത് സതീശനെയായിരുന്നു.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അടുത്ത വര്‍ഷം വിജയിച്ച് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി. ഇപ്പോള്‍ പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് സതീശന് പിന്തുണയുമായുണ്ടായിരുന്ന എ.ഐ.സി.സി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തേക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തും സതീശനു വിലങ്ങു തടിയായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കേ എന്‍.എസ്.യു ദേശീയ സെക്രട്ടറിയായിരുന്നു.