തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ തടവില്‍ക്കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മനുഷ്യത്യരഹിതമായ രീതികളാണ് കാപ്പനെതിരെ സ്വീകരിക്കുന്നത്. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ അദ്ദേഹത്തെ എയിംസിലേക്ക് മാറ്റണം. ഇക്കാര്യം മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ബന്ധപ്പെടും. വിഷയത്തില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സിദ്ദിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണമെന്ന് രമേശ് ചെന്നിത്തല - മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍
ഇക്കാര്യം മുന്‍നിര്‍ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ ബന്ധപ്പെടുമെന്ന് പ്രതിപക്ഷ നേതാവ്.
ഹത്രാസ് സംഭവവുമായി ബന്ധപ്പെട്ട് കലാപത്തിന് ശ്രമം നടത്തിയെന്ന കേസില്‍ തടവില്‍ക്കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്നതായി ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. കൊവിഡ് ബാധിതനായ കാപ്പനെ കട്ടിലില്‍ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്നും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിക്കുന്നില്ലെന്നുമായിരുന്നു കുടുംബത്തിന്‍റെ ആരോപണം.
ഇടപെടലിന് തയ്യാറാകാത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബം വിമര്‍ശിച്ചു. പിന്നാലെ കാപ്പന് വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പിണറായി വിജയന്‍ കത്തയച്ചിരുന്നു.