തിരുവനന്തപുരം:തുടർച്ചയായ രണ്ടാം ദിനവും പ്രതിപക്ഷ പ്രതിഷേധത്താൽ മിനിട്ടുകൾക്കുള്ളിൽ പിരിഞ്ഞ് നിയമസഭ. മാര്‍ച്ച് 15ന് സ്‌പീക്കറുടെ ഓഫിസിന് മുന്‍പില്‍ പ്രതിപക്ഷ ഉപരോധവും സംഘർഷവും ഉണ്ടായിരുന്നു. ഇതില്‍ ഏകപക്ഷീയമായി കേസടുത്തതിനാലാണ് പ്രതിപക്ഷം ഇന്നും എതിർപ്പറിയിച്ചത്.
സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് സംസാരിക്കാനാരംഭിച്ചു. വാദി പ്രതിയാവുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും വനിത എംഎൽഎമാരെ വരെ ആക്രമിച്ച ഭരണപക്ഷ എംഎൽഎമാർക്കെതിരെ നിസാര വകുപ്പും പ്രതിപക്ഷ എംഎൽഎമാർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരവും കേസടുത്തെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന്, പ്രതിപക്ഷ നേതാവിന് സംസാരിക്കാൻ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്‌ത് സ്‌പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നു. വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴും ഭരണപക്ഷവും പ്രതിപക്ഷവും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുകയായിരുന്നു. മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ പ്രതിപക്ഷത്തിന് നേരെ ആക്രോശിക്കുന്നതും കാണാമായിരുന്നു. സമ്മേളനം തുടങ്ങി 10 മിനിട്ടിനുള്ളിൽ തന്നെ സഭ പിരിയുന്നുവെന്ന് സ്‌പീക്കർ പറഞ്ഞു.
സഭ ഇനി വീണ്ടും ചേരുക തിങ്കളാഴ്‌ച:സ്‌പീക്കറുടെ ഡയസിന് മുന്‍പില്‍ പ്രതിപക്ഷം, അവകാശം ഔദാര്യമല്ലെന്ന് എഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധം തുടർന്നു. ഇതോടെ സ്‌പീക്കർ സഭാനടപടി പിരിയുന്നുവെന്ന് പ്രഖ്യാപിച്ചു. സഭ തിങ്കളാഴ്‌ച പുനരാരംഭിക്കും. അതേസമയം, നിയമസഭയില്‍ സ്‌പീക്കറുടെ മുറിക്ക് മുന്‍പിലുണ്ടായ സംഘര്‍ഷത്തില്‍ കേസിന്‍റെ അന്വേഷണ ചുമതല പ്രത്യേക അന്വേഷണ സംഘത്തിന്. വാച്ച് ആന്‍ഡ് വാര്‍ഡുമാരും പ്രതിപക്ഷ ഭരണപക്ഷ എംഎല്‍എമാരും തമ്മില്‍ മാര്‍ച്ച് 15നാണ് സംഘര്‍ഷമുണ്ടായത്. ഈ സംഭവത്തില്‍ മ്യൂസിയം പൊലീസ് രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്.