കേരളം

kerala

ETV Bharat / state

Kerala DGP | സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നാളെ വിരമിക്കും, ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ചുമതലയേല്‍ക്കും - sheikh darvesh saheb

സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നാളെ വിരമിക്കുമ്പോൾ പുതിയ മേധാവി ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ചുമതലയേൽക്കും

kerala new dgp  kerala DGP  സംസ്ഥാന പൊലീസ് മേധാവി  അനില്‍കാന്ത്  ഷെയ്‌ഖ് ദര്‍വേഷ് സാഹിബ്  അനില്‍കാന്ത് വിരമിക്കുന്നു  sheikh darvesh saheb  Anil Kant
kerala DGP

By

Published : Jun 29, 2023, 10:08 PM IST

തിരുവനന്തപുരം : ഡി.ജി.പിയും സംസ്ഥാന പൊലീസ് മേധാവിയുമായ അനില്‍കാന്ത് നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും. നിലവിലെ ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് നാളെ തന്നെ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേല്‍ക്കും. 2021 ജൂണ്‍ 30 മുതല്‍ രണ്ട് വര്‍ഷമാണ് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവിയായി പ്രവര്‍ത്തിച്ചത്.

1962 ജനുവരി അഞ്ചിന് ഡല്‍ഹിയിലാണ് അദ്ദേഹം ജനിച്ചത്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. 1988 ബാച്ചില്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ കേരള കേഡറില്‍ പ്രവേശിച്ചു. റോഡ് സുരക്ഷ കമ്മിഷണര്‍ സ്ഥാനത്ത് നിന്നാണ് അനില്‍കാന്ത് സംസ്ഥാന പൊലീസ് മേധാവി പദവിയിലെത്തിയത്.

എ.എസ്.പിയായി വയനാട് സര്‍വീസ് ആരംഭിച്ച അദ്ദേഹം തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ്.പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡല്‍ഹി, ഷില്ലോങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്‌ടറായി. മടങ്ങിയെത്തിയശേഷം പൊലീസ് ട്രെയിനിംഗ് കോളജില്‍ പ്രിന്‍സിപ്പലായി.

തുടര്‍ന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായും മലപ്പുറം, എറണാകുളം, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ്.പി ആയും ജോലി ചെയ്‌തു. സ്‌പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി.ഐ.ജി ആയും സ്‌പെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ.ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍ ആയിരുന്നു. എ.ഡി.ജി.പി ആയി സ്ഥാനക്കയറ്റം ലഭിച്ചശേഷം കേരള പൊലീസ് ഹൗസിംഗ് കണ്‍സ്‌ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്‌ടര്‍ ആയിരുന്നു.

പിന്നീട് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എ.ഡി.ജി.പി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്‌സ്, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, സൗത്ത്‌ സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എ.ഡി.ജി.പി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്‌ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമ്മിഷണര്‍ എന്നീ തസ്‌തികകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. വിശിഷ്‌ട സേവനത്തിനും സ്‌തുത്യര്‍ഹ സേവനത്തിനുമുളള രാഷ്‌ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ച ഉദ്യോഗസ്ഥൻ കൂടിയാണ് അനിൽകാന്ത്.

64ാമത് ഓള്‍ ഇന്ത്യ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്‌ജ് ഓഫ് ഓണറും ലഭിച്ചു. വിരമിച്ച ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഓഫിസര്‍ പ്രീത ഹാരിറ്റ് ആണ് ഭാര്യ. മകന്‍ രോഹന്‍ ഹാരിറ്റ് ന്യൂഡല്‍ഹിയിലെ ഒരു സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ചീഫ് എക്‌സിക്യുട്ടീവ് ഓഫിസറാണ്.

വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന് പൊലീസ് സേന നല്‍കുന്ന വിടവാങ്ങല്‍ പരേഡ് വെളളിയാഴ്‌ച രാവിലെ 7.45 ന് തിരുവനന്തപുരം പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ നടക്കും. കേരള പൊലീസിന്‍റെ ഔദ്യോഗിക യാത്രയയപ്പ് ചടങ്ങ് വെളളിയാഴ്‌ച ഉച്ചയ്‌ക്ക് 12 മണിക്ക് പൊലീസ് ആസ്ഥാനത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

പുതിയ സംസ്ഥാന പൊലീസ് മേധാവി ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് വെളളിയാഴ്‌ച വൈകിട്ട് ചുമതലയേല്‍ക്കും. നിലവിലെ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് വൈകിട്ട് അഞ്ചുമണിയോടെ പൊലീസ് ആസ്ഥാനത്തെ ധീരസ്‌മൃതിഭൂമിയില്‍ പുഷ്‌പചക്രം അര്‍പ്പിച്ച് സല്യൂട്ട് ചെയ്യും. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്ത് എത്തുന്ന നിയുക്ത സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്‌ഖ് ദര്‍വേഷ് സാഹിബ് ധീരസ്‌മൃതിഭൂമിയില്‍ ആദരം അര്‍പ്പിച്ചശേഷം പൊലീസ് സേനയുടെ സല്യൂട്ട് സ്വീകരിക്കും.

പിന്നീട് ഡി.ജി.പിയുടെ ചേംബറിലെത്തി നിലവിലെ സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് അധികാരദണ്ഡ് ഏറ്റുവാങ്ങി ചുമതലയേല്‍ക്കും. അതിനുശേഷം നിലവിലെ സംസ്ഥാന പൊലീസ് മേധാവിയെ പുതിയ മേധാവിയും മുതിര്‍ന്ന പൊലീസ് ഓഫിസര്‍മാരും ചേര്‍ന്ന് യാത്രയാക്കും.

ABOUT THE AUTHOR

...view details