തിരുവനന്തപുരം : വലിയൊരപകടത്തെ അതിജീവിച്ച ശേഷമാണ് സംസ്ഥാനത്തെ സിവില്‍ സര്‍വീസിലെ ഏറ്റവും ഉന്നത പദവിയില്‍ ഡോ.വി വേണു എത്തുന്നത്. ഈ വര്‍ഷം ജനുവരിയില്‍ കൊച്ചി ബിനാലെയില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങവേ അദ്ദേഹവും കുടുംബവും സഞ്ചരിച്ച കാര്‍ ആലപ്പുഴ ദേശീയ പാതയില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.
സീറ്റ് ബെല്‍റ്റ് ശരിയായ രീതിയില്‍ ധരിച്ചിരുന്നത് കൊണ്ടാണ് തലനാരിഴയ്ക്ക് താന്‍ രക്ഷപ്പെട്ടതെന്ന് അദ്ദേഹം പിന്നീട് പറഞ്ഞിരുന്നു. ഏതായാലും അപകടത്തെ അതിജീവിച്ച് അഞ്ച് മാസം പിന്നിടുമ്പോള്‍ അദ്ദേഹത്തെ തേടി സംസ്ഥാന സിവില്‍ സര്‍വീസിലെ ഏറ്റവും ഉയര്‍ന്ന പദവി എത്തിയിരിക്കുന്നു.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള മനോജ് ജോഷി, രാജേഷ് കുമാര്‍ സിങ് എന്നിവര്‍ തന്നെക്കാള്‍ സീനിയറാണെങ്കിലും സംസ്ഥാന സര്‍വീസില്‍ അവരില്ലാത്തത് വേണുവിന് ചീഫ് സെക്രട്ടറി പദത്തിലേക്കുള്ള വഴി ഏളുപ്പമാക്കി. വേണുവിന് 2024 ഓഗസ്റ്റ് 31 വരെ സര്‍വീസുണ്ട്. നിലവില്‍ ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ്.
ഡോക്‌ടറിൽ നിന്ന് ഐഎഎസിലേക്ക് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്സ് വിഭാഗത്തിലാണ് അദ്ദേഹത്തിന് ആദ്യം സിവില്‍ സര്‍വീസ് ലഭിച്ചത്. രണ്ടാം ശ്രമത്തിലാണ് ഐഎഎസ് ലഭിച്ചത്. ലോക ടൂറിസം ഭൂപടത്തില്‍ കേരളം അടയാളപ്പെടുത്തപ്പെട്ട കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ ഉപജ്ഞാതാവാണ്.
ടൂറിസം രംഗത്തെ പിപിപി മോഡലിനും ഉത്തരവാദിത്ത ടൂറിസത്തിനും തുടക്കമിട്ടത് വേണു ടൂറിസം സെക്രട്ടറിയായിരിക്കെയാണ്. സിനിമ-സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായിരിക്കെ ആദ്യമായി ഐഎഫ്എഫ്‌കെയ്‌ക്ക് ഓണ്‍ലൈന്‍ ബുക്കിങ് ഏര്‍പ്പെടുത്തി.
ALSO READ :ഡോ വി വേണു ചീഫ് സെക്രട്ടറി, ഡോ ഷെയ്‌ഖ് ദർവേഷ് സാഹിബ് ഡിജിപി