തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ പുതിയ മദ്യനയം നാളെ ചേരുന്ന മന്ത്രിസഭ യോഗം പരിഗണിച്ചേക്കും. വലിയ മാറ്റങ്ങൾ ഇല്ലാതെയാകും പുതിയ നയം എത്തുകയെന്നാണ് വിവരം. ബാർ ലൈസൻസ് തുക വർധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും.
ലൈസൻസ് തുകയിൽ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപയുടെ വർധനവ് വരെ ഉണ്ടാകാനാണ് സാധ്യത. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് ലൈസൻസ് ഫീസ് വർധിപ്പിക്കുന്നത്. ഇക്കാര്യം ധനവകുപ്പ് പ്രത്യേകം സർക്കാരിനോട് ശുപാർശ ചെയ്‌തിരുന്നു. ഇത് അംഗീകരിച്ചാണ് ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം എടുത്തതെന്നാണ് വിവരം.
തെരഞ്ഞെടുത്ത ഐ ടി പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള നിർദേശങ്ങളും പുതിയ മദ്യനയത്തിലുണ്ടാകും. ഇക്കാര്യത്തിൽ സർക്കാർ നേരത്തെ തന്നെ നയപരമായ തീരുമാനം എടുത്തിരുന്നു. എന്നാൽ, ഇത്തരത്തിൽ മദ്യവിതരണത്തിന് ഐ ടി പാർക്കുകളിൽ അനുമതി നൽകുമ്പോൾ ഈടാക്കേണ്ട ഫീസ് നടത്തിപ്പ് രീതി എന്നിവ സംബന്ധിച്ച തീരുമാനമെടുക്കാത്തതിനാലാണ് അംഗീകാരം നീണ്ടത്.
ഐ ടി പാർക്കുകളിലെ മദ്യ വിതരണ കേന്ദ്രങ്ങൾക്ക് ക്ലബ്ബുകളുടെ മാതൃകയിൽ ഫീസ് ഈടാക്കാനാണ് നിലവിലെ ധാരണ. ഇക്കാര്യം നാളെ മന്ത്രിസഭായോഗം ചർച്ച ചെയ്‌ത് തീരുമാനിക്കും. പ്രധാന ഐ ടി കമ്പനികളുടെ സ്ഥലങ്ങളിൽ ആയിരിക്കും മദ്യവിതരണത്തിനുള്ള അനുമതി നൽകുക.
ഉത്തരവാദിത്തം അതത് ഐടി കമ്പനികൾക്കായിരിക്കും. കള്ളുഷാപ്പുകൾക്ക് ബാറുകളുടെ പോലെ സ്റ്റാർ പദവി നിശ്ചയിക്കുന്നത് സംബന്ധിച്ച നിർദേശവും മദ്യനയത്തിലുണ്ട്. ഒന്നാം തീയതി അവധി ഒഴിവാക്കില്ല. ഇത്തരം ഒരു നിർദേശം സർക്കാരിന്‍റെ മുന്നിൽ ഉണ്ടായിരുന്നെങ്കിലും അവധി ഒഴിവാക്കുന്നതിലെ തൊഴിലാളികളുടെ സംഘടന രംഗത്ത് എത്തിയതോടെയാണ് ഇത് ഒഴിവാക്കിയത്.
ഡ്രൈ ഡേയുടെ മുൻപുള്ള ദിവസങ്ങളിൽ മദ്യ വിൽപ്പന വർധിക്കുന്നതിനാൽ സർക്കാരിന് കാര്യമായ വരുമാന നഷ്‌ടമില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. സാധാരണ ഏപ്രിൽ മാസത്തിൽ ആയിരുന്നു മദ്യനയം പ്രഖ്യാപിക്കേണ്ടിയിരുന്നത്. എന്നാൽ എക്സൈസ് മന്ത്രിസ്ഥാനത്ത് നിന്നും എംവി ഗോവിന്ദൻ രാജിവയ്ക്കുകയും എം ബി രാജേഷ് ആ സ്ഥാനത്ത് എത്തുകയും ചെയ്‌തതോടെയാണ് മദ്യനയം പ്രഖ്യാപനം നീണ്ടത്. തലത്തിലുള്ള ചർച്ചകൾക്ക് ശേഷം ഇടതുമുന്നണിയും അംഗീകാരം നൽകിയ ശേഷമാണ് മദ്യനയം മന്ത്രിസഭ യോഗത്തിന് പരിഗണനയ്ക്ക് വരുന്നത്. നാളെ ചേരുന്ന മന്ത്രിസഭ യോഗം അംഗീകാരം നൽകിയാൽ രണ്ട് ദിവസത്തിനുള്ളിൽ തന്നെ പുതിയ മദ്യനയം ഉത്തരവായി പുറത്തിറങ്ങും.
മദ്യനയത്തിൽ വിമർശനവുമായി രമേശ് ചെന്നിത്തല :സർക്കാരിന്‍റെ മദ്യനയത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ വിമർശനം. പുതിയ മദ്യനയത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിയമ വിരുദ്ധമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തിരുന്നു.
Also read :'കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാന്‍ സര്‍ക്കാര്‍ ശ്രമം' ; വിമര്‍ശനവുമായി രമേശ് ചെന്നിത്തല
Also read :സർക്കാറിന്‍റെ മദ്യനയം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും: ടി.പി രാമകൃഷ്ണൻ