തിരുവനന്തപുരം:പൗരത്വത്തിൽ നിന്നും ഒഴിവാക്കുന്നവരെ പാർപ്പിക്കാനുള്ള തടങ്കല്‍ പാളയങ്ങൾ സംസ്ഥാനത്ത് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലുള്ള ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിലെ പ്രത്യേക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങൾ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയിലെ പ്രത്യേക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
മതത്തിന്‍റെ അടിസ്ഥാനത്തിൽ പൗരത്വം നൽകുന്നത് മതരാഷ്ട്ര സങ്കൽപമാണ്. ഇത് ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതനിരപേക്ഷതക്കെതിരാണ്. ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പൗരത്വ ഭേദഗതി നിയമം റദ്ദാക്കാൻ നടപടി വേണമെന്ന് നിയമസഭ കേന്ദ്രത്തോട് അഭ്യർഥിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
നിലവിലെ നിയമ ഭേദഗതി മതവിവേചനത്തിന്‍റേതാണ്. ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ നാടിനെ കുറിച്ച് തെറ്റായ ധാരണ ഉണ്ടാക്കി. ഏതെങ്കിലും മതവിഭാഗങ്ങൾക്ക് നിയന്ത്രണവും മറ്റ് ചില വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണനയും നൽകുന്നത് നാനാത്വത്തിൽ ഏകത്വമെന്ന മൂല്യം ഇല്ലാതാക്കും. നിയമം എല്ലാവരും ശിരസാ വഹിക്കണമെന്നത് ജനാധിപത്യമൂല്യത്തിന് യോജിച്ചതല്ല. ജനാധിപത്യ മൂല്യങ്ങളിൽ നിന്നും അണുവിടപോലും പിന്നോട്ടില്ലെന്നാണ് നിയമസഭ അവതരിപ്പിക്കുന്ന പ്രമേയമെന്നും മുഖ്യമന്ത്രി അറിയിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചാണ് നിയമസഭ പ്രമേയം അവതരിപ്പിക്കുന്നത്. മതവിദ്വേഷത്തിന്‍റെയല്ല, മറിച്ച് എല്ലാ മതവിശ്വാസങ്ങളെയും അംഗീകരിക്കുന്നതാണ് പ്രമേയമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.