തിരുവനന്തപുരം:വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം ഉന്നയിച്ച്നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. കറുത്ത ഷർട്ടും മാസ്‌കും ധരിച്ച് പ്ലക്കാഡുമായാണ് പ്രതിപക്ഷ നിരയിലെ യുവ എം.എൽ.എമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ ജോസഫ്, നജീബ് കാന്തപുരം, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം ജോണ്‍ എന്നിവരാണ് കറുപ്പണിഞ്ഞ് എത്തിയത്.
വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം സ്‌പീക്കറുടെ അഭ്യർഥന അവഗണിച്ച് പ്രതിഷേധം തുടർന്നതോടെ സഭ തത്കാലത്തേക്ക് നിർത്തിവച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധവും തുടങ്ങിയ പ്രതിപക്ഷം സഭ നടപടികൾ തടസപ്പെടുത്തരുതെന്ന സ്‌പീക്കറുടെ അഭ്യർഥന അവഗണിച്ചതോടെയാണ് സഭ അല്‍പനേരത്തേക്ക് നിർത്തിവെച്ചത്.
കറുപ്പണിഞ്ഞെത്തിയ പ്രതിപക്ഷ യുവ എം.എല്‍.എമാര്‍ സഭയ്‌ക്കകത്തേക്ക് പ്രവേശിക്കുന്നു മന്ത്രി എം.വി ഗോവിന്ദൻ സംസാരിച്ച് തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധവും ആരംഭിച്ചു. ബാനറും പ്ലക്കാർഡുകളുമായി ആയിരുന്നു പ്രതിഷേധം. ഇവ ഉയർത്തുന്നത് സഭാചട്ടങ്ങൾക്ക് വിരുദ്ധമാണ്. ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്നും സ്‌പീക്കർ എം.ബി രാജേഷ് പ്രതിപക്ഷത്തെ ഓർമിപ്പിച്ചു. പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ സ്‌പീക്കർ എഴുന്നേറ്റു. സഭാധ്യക്ഷൻ എഴുന്നേറ്റാൽ അംഗങ്ങൾ ഇരിക്കണമെന്നതാണ് ചട്ടമെന്ന് ഓർമിപ്പിച്ചിട്ടും പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിക്കാത്ത പശ്ചാത്തലത്തിലാണ് സഭ നിർത്തിവച്ചതായി സ്‌പീക്കർ അറിയിച്ചത്.
മാധ്യമങ്ങൾക്ക് വന്‍ നിയന്ത്രണം:കഴിഞ്ഞ സമ്മേളനം വരെ ഇല്ലാത്ത നിയന്ത്രണമാണ് ഇത്തവണ മാധ്യമങ്ങൾക്ക് നിയമസഭയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മീഡിയ റൂമിൽ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രവേശനം. സഭയിൽ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിൻ്റെയും ഓഫീസുകളിലും മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.
ആരോപണവിധേയയായ അനിത പുല്ലായിൽ ലോക കേരള സഭയുമായി ബന്ധപ്പെട്ട് നിയമസഭയിൽ കടന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കിയത്. പ്രതിപക്ഷത്തിൻ്റെ പ്രതിഷേധ ദൃശ്യങ്ങൾ ഒഴിവാക്കിയാണ് നിയമസഭ സമ്മേളന ദൃശ്യങ്ങൾ സഭ ടി.വി മാധ്യമങ്ങൾക്ക് നൽകുന്നത്. ചാനലുകളുടെ ക്യാമറകൾ സഭയിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നത് നേരത്തെ തന്നെ തടഞ്ഞിരുന്നു. കൊവിഡിൻ്റെ മറവിലായിരുന്നു ഈ നടപടി.
ALSO READ|സഭാസമ്മേളനത്തിന് തുടക്കം; പ്രതിഷേധവുമായി പ്രതിപക്ഷം, സഭ നിർത്തിവച്ച് സ്‌പീക്കർ
ചോദ്യോത്തരവേളയുടെ ദൃശ്യങ്ങൾ പ്രസ് ഗാലറിയിൽ നിന്ന് നേരിട്ട് പകർത്താൻ അനുമതി നൽകണമെന്ന് മാധ്യമങ്ങൾ സ്‌പീക്കറോട് ആവശ്യപ്പെട്ടപ്പോൾ മുൻകാലങ്ങളിലേതുപോലെ ദൃശ്യങ്ങൾ സഭ ടി.വി വഴി തത്സമയം നൽകുമെന്ന് സ്‌പീക്കർ ഉറപ്പുനൽകിയിരുന്നു. ഈ ഉറപ്പ് ലംഘിച്ച് ഇപ്പോൾ ഭരണപക്ഷത്തിൻ്റെ ദൃശ്യങ്ങൾ മാത്രമാണ് സഭ ടി.വി വഴി പുറത്തുനൽകുന്നത്.