തിരുവനന്തപുരം :സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1,801 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതല്‍. രോഗവ്യാപനം വർധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിലും വർധന ഉണ്ടായിട്ടുണ്ട്. രോഗികളില്‍ 0.8 ശതമാനം പേരെ ഓക്‌സിജന്‍ കിടക്കകളിലും 1.2 ശതമാനം പേരെ ഐസിയുവിലും പ്രവേശിപ്പിച്ചു.
പരിശോധനകള്‍ വര്‍ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകി. ജനിതക പരിശോധനയ്ക്ക് അയച്ച ഫലങ്ങളില്‍ കൂടുതലും ഒമിക്രോണാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. രോഗതീവ്രത കുറവാണെങ്കിലും അതിതീവ്ര വ്യാപനമാണ് ഒമിക്രോൺ വകഭേദത്തിന്‍റെ പ്രത്യേകത. ഗര്‍ഭിണികള്‍, പ്രായമായവര്‍, ജീവിതശൈലീ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കൊവിഡ് തീവ്രമായി പിടിപെടാം. വൈറസ് മരണം കൂടുതലും റിപ്പോര്‍ട്ട് ചെയ്യുന്നത് 60 വയസിന് മുകളിലുള്ളവരിലും പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലീരോഗം ഉള്ളവരിലുമാണ്.
'മാസ്‌ക് ധരിക്കണം, വായും മൂക്കും മൂടത്തക്ക വിധം':60 വയസിന് മുകളിലുള്ളവരിലാണ് 85 ശതമാനം കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ബാക്കി 15 ശതമാനം ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവരാണ്. വീട്ടില്‍ നിന്ന് പുറത്തുപോവാത്ത അഞ്ച് പേര്‍ക്ക് കൊവിഡ് മരണം സംഭവിച്ചു. അതിനാല്‍ കിടപ്പുരോഗികള്‍, പ്രായമുള്ളവര്‍ എന്നിവരെ പ്രത്യേകമായി കരുതണം. അവര്‍ക്ക് കൊവിഡ് ബാധിക്കുന്നില്ല എന്ന് ഉറപ്പാക്കണം. പുറത്ത് പോവുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.
പ്രായമുള്ളവരും മറ്റസുഖങ്ങളുള്ളവരും വീട്ടിലുണ്ടെങ്കില്‍ പുറത്തുപോയി വരുന്ന മറ്റുള്ളവരും വളരെയധികം ശ്രദ്ധിക്കണം. അവര്‍ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. പുറത്തുപോവുമ്പോള്‍ അവരും മാസ്‌ക് കൃത്യമായി ധരിക്കണം. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകാതെ അവര്‍ ഇത്തരം വിഭാഗക്കാരുമായി അടുത്ത് ഇടപഴകരുത്. ആള്‍ക്കൂട്ടത്തില്‍ പോകുന്ന എല്ലാവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. ഇടയ്ക്കിടയ്ക്ക് സാനിറ്റൈസറോ സോപ്പ് വെള്ളമോ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കേണ്ടതാണ്.