തിരുവനന്തപുരം :ക്രിസ്‌ത്യന്‍ ജനവിഭാഗങ്ങളെ ബിജെപിയോടടുപ്പിക്കാന്‍ അണിയറയില്‍ തിരക്കിട്ട് നീങ്ങിയ ക്രിസ്‌ത്യന്‍ പാര്‍ട്ടി രൂപീകരണ വേഗത്തിന് കര്‍ണാടകയിലെ കോണ്‍ഗ്രസിന്‍റെ മിന്നും ജയം തടസമാകുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രത്യേകിച്ച് ക്രിസ്‌ത്യന്‍, മുസ്‌ലിം മത വിഭാഗങ്ങള്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം അടിയുറച്ചു നിന്നതാണ് ബിജെപിക്കെതിരെ തിളക്കമാര്‍ന്ന ജയത്തിന് സഹായകമായത്. ബിജെപി ഭരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് മണിപ്പൂരിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ക്രിസ്‌ത്യന്‍ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ വ്യാപക അക്രമ സംഭവങ്ങളാണ് സമീപകാലത്ത് സംഘപരിവാറിന്‍റെ നേതൃത്വത്തില്‍ അരങ്ങേറിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനിടെ ക്രിസ്‌തീയ പുരോഹിതന്‍മാരുമായി ചര്‍ച്ച നടന്ന ശേഷമാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയത് എന്നത് സംഘപരിവാറിന്‍റെ ഇരട്ട മുഖമാണ് വെളിവാക്കുന്നതെന്ന പ്രതീതി സാധാരണക്കാരായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ശക്തമായിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിനെ തൂത്തെറിഞ്ഞ ജനവിധി കൂടി ഉണ്ടായിരിക്കുന്നത്. ഈ ജനവിധിയില്‍ ക്രിസ്‌ത്യന്‍ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും നേരെ സംഘ പരിവാര്‍ ഉയര്‍ത്തുന്ന ഭീഷണിക്കെതിരായ പ്രതിഷേധം കൂടിയുണ്ടെന്ന് ക്രിസ്‌ത്യാനികൾ മനസിലാക്കുന്നു.
കൂടാതെ ഈ സാഹചര്യത്തില്‍ ക്രിസ്‌തീയ പാര്‍ട്ടി രൂപീകരിച്ച് തങ്ങളെ ബിജെപിയിലെത്തിക്കുക എന്ന അപകടം കൂടി ഇതിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് കേരളത്തിലെ ക്രിസ്‌ത്യന്‍ വിഭാഗം മനസിലാക്കുന്നു. ഒരു പക്ഷേ കര്‍ണാടകയിലെ ജനവിധി മറിച്ചായിരുന്നെങ്കില്‍ ക്രിസ്‌ത്യന്‍ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരണത്തിന് അത് കൂടുതല്‍ കരുത്തു പകരുകയും അതിവേഗം പാര്‍ട്ടി രൂപീകരണം യാഥാര്‍ഥ്യമാക്കുകയും ചെയ്യുമായിരുന്നു. സ്ഥിഗതികള്‍ വിലയിരുത്തുകയാണെന്നും പാര്‍ട്ടി രൂപീകരണം വൈകാതെ ഉണ്ടാകുമെന്നുമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്ന ഒരു നേതാവ് ഇടിവി ഭാരതിനോട് പ്രതികരിച്ചത്.
ക്രിസ്‌ത്യൻ പാർട്ടിയുടെ ഭാവി : എന്നാല്‍ പാർട്ടിയുടെ ഭാവി എന്താകുമെന്നാണ് വിലയിരുത്തുന്നതെന്ന ചോദ്യത്തിന് കാത്തിരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഏതായാലും പുതിയ സാഹചര്യത്തില്‍ എടുത്തു ചാടി പാര്‍ട്ടി രൂപീകരിച്ച് പരാജയത്തിലേക്കു പോകുന്നതിനു പകരം അനുകൂല സാഹചര്യം ഉണ്ടാകും വരെ കാത്തിരിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെയും തീരുമാനമെന്നാണ് വിവരം.