ആരോഗ്യമന്ത്രി പ്രതികരിക്കുന്നു തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം നേരിയ തോതിൽ ഉയരുന്നുണ്ടെന്നും ഒരാഴ്‌ച സൂക്ഷ്മമായി നിരീക്ഷണം നടത്തുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. ക്ലസ്‌റ്ററുകൾ രൂപപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. അതേസമയം ഇന്നലെ മരണസംഖ്യയുമായി ബന്ധപ്പെട്ട കണക്കില്‍ സംഭവിച്ചത് ക്ലറിക്കൽ തെറ്റാണെന്നും അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് മെഡിക്കൽ കോളജിൽ അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നതെന്നും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. അഞ്ച് പേർ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി. ഇക്കാര്യത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉടൻ തന്നെ നടപടി ഉണ്ടാകും. പ്രതിപക്ഷ നേതാവിന് എന്ത് കള്ളവും പറയാമെന്ന സ്ഥിതിയാണെന്ന് പറഞ്ഞ ആരോഗ്യമന്ത്രി വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നതായും ഒരു ആരോഗ്യ സ്ഥാപനത്തിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്നും പറഞ്ഞു.
ആശങ്ക വേണ്ടെന്ന് മന്ത്രിസഭായോഗം:അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നാണ് മന്ത്രിസഭായോഗത്തിന്‍റെ വിലയിരുത്തല്‍. കൊവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് മന്ത്രിസഭായോഗം ഇക്കാര്യം പ്രത്യേകമായി പരിശോധിച്ചത്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് യോഗത്തില്‍ വിശദീകരിച്ചു.
രോഗികളുടെ എണ്ണവും ആശുപത്രികളുടെ എണ്ണവും ആരോഗ്യമന്ത്രി വിശദമാക്കി. ഉന്നതതല യോഗത്തിന്‍റെ വിലയിരുത്തലുകളും മന്ത്രിസഭയെ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന വിലയിരുത്തലില്‍ മന്ത്രിസഭായോഗമെത്തിയത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടേയും ഗുരുതരാവസ്ഥയിലാകുന്നവരുടേയും എണ്ണം വര്‍ധിക്കുന്നില്ല എന്നതിനാല്‍ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ മന്ത്രിസഭ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കി.
ക്ലസ്‌റ്ററുകളില്ലെന്ന് വിലയിരുത്തല്‍ : സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇരുന്നൂറിന് മുകളിലെത്തിയെങ്കിലും കൊവിഡ് ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലവിലെ വിലയിരുത്തല്‍. പുതിയ വകഭേദങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജിനോമിക് പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ആശുപത്രി സജ്ജീകരണങ്ങള്‍ക്കായി ജില്ലകളും ആശുപത്രികളും സര്‍ജ് പ്ലാന്‍ തയ്യാറാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് ഐസിയു, വെന്‍റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ എന്നിവ കൂടുതല്‍ മാറ്റിവയ്ക്കണം. ആവശ്യമായ പരിശോധന കിറ്റുകളും മരുന്നുകളും സജ്ജമാക്കാന്‍ കെഎംഎസ്‌സിഎല്ലും നടപടി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് സാഹചര്യം വര്‍ധിക്കുന്നതിനാല്‍ മാസ്‌ക് വീണ്ടും ശീലമാക്കണം. മറ്റ് രോഗമുള്ളവരും, പ്രായമായവരും, കുട്ടികളും, ഗര്‍ഭിണികളും പൊതുസ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്‌ക് കൃത്യമായി ധരിക്കണമെന്നും ആശുപത്രികളില്‍ എത്തുന്നവരെല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.
ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രിയും:അതേസമയം കഴിഞ്ഞ രണ്ടാഴ്‌ചയായി രാജ്യത്ത് വര്‍ധിച്ചുവരുന്ന കൊവിഡ്, ഇന്‍ഫ്ലുവന്‍സ കേസുകള്‍ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഉന്നതതല യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ഇന്‍സാകോഗ് (INSACOG) ജീനോം സീക്വന്‍സിങ് ലബോറട്ടറികള്‍ ഉപയോഗിച്ച് എല്ലാ പോസിറ്റീവ് സാമ്പിളുകളുടെയും ജീനോം സ്വീക്വന്‍സിങ് നടത്താനും പ്രധാനമന്ത്രി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതുമുഖേന പുതിയ വകഭേദങ്ങളെ കണ്ടെത്താനാകുമെന്നും അത്തരത്തിലുണ്ടെങ്കില്‍ സമയോചിതമായി പ്രതികരിക്കാനാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. രോഗികൾ, ആരോഗ്യ വിദഗ്‌ധര്‍, ആരോഗ്യ പ്രവർത്തകർ എന്നിവർ ആശുപത്രി പരിസരത്ത് മാസ്‌ക് ധരിക്കുന്നത് ഉൾപ്പടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ഉന്നതതലയോഗത്തില്‍ ഊന്നിപ്പറഞ്ഞിരുന്നു.