കേരളം

kerala

ETV Bharat / state

മരട്‌ ഫ്ലാറ്റ് പൊളിക്കല്‍; പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നാളെ സമര്‍പ്പിക്കും - എറണാകുളം വാര്‍ത്തകള്‍

ചട്ടലംഘനം നടത്തി കേരളത്തിൽ നിർമിച്ച മറ്റ് ഫ്ലാറ്റുകളുടെ കാര്യം സുപ്രീം കോടതിയെ സർക്കാർ അറിയിച്ചേക്കില്ല.

മരട്‌ ഫ്ലാറ്റ് പൊളിക്കല്‍  പുരോഗതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നാളെ സമര്‍പ്പിക്കും  മരട് ഫ്ലാറ്റ്  സംസ്ഥാന സർക്കാർ  തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകള്‍  എറണാകുളം വാര്‍ത്തകള്‍  ernakulam latest news
മരട്‌ ഫ്ലാറ്റ് പൊളിക്കല്‍

By

Published : Jan 12, 2020, 2:47 PM IST

Updated : Jan 12, 2020, 3:01 PM IST

തിരുവനന്തപുരം: മരട് ഫ്ലാറ്റ് പൊളിക്കൽ സംബന്ധിച്ച പുരോഗതി റിപ്പോർട്ട് സംസ്ഥാന സർക്കാർ തിങ്കളാഴ്‌ച സുപ്രീം കോടതിയിൽ സമർപ്പിക്കും. തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർമിച്ചതായി സുപ്രീം കോടതി കണ്ടെത്തിയ ഹോളി ഫെയ്ത്ത്, ആൽഫ സെറിൻ, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവ പൊളിച്ചത്‌ സംബന്ധിക്കുന്ന വിവരമാകും നാളെ കോടതിയെ അറിയിക്കുക.

അതേ സമയം ചട്ടലംഘനം നടത്തി കേരളത്തിൽ നിർമിച്ച മറ്റ് ഫ്ലാറ്റുകളുടെ കാര്യം സുപ്രീം കോടതിയെ സർക്കാർ അറിയിച്ചേക്കില്ല. ഇത് സംബന്ധിച്ച് സുപ്രീം കോടതി മറ്റ് ചോദ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇക്കാര്യം ഉന്നയിച്ച് കുഴപ്പത്തിലേക്ക് പോകേണ്ടെന്നാണ് തീരുമാനം.

മരട് വിധി വന്ന ഉടൻ തദ്ദേശഭരണ വകുപ്പ് നടത്തിയ പരിശോധനയിൽ ചട്ടലംഘനം നടത്തി നിർമിച്ച നൂറ്റമ്പതിലേറെ ഫ്ലാറ്റുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇക്കാര്യം കോടതിയെ അറിയിച്ചാൽ മരടിന് സമാനമായ ഉത്തരവുണ്ടാകുമെന്ന് സർക്കാർ കരുതുന്നു.

അത്തരത്തിൽ ഒരു വിധി ഉണ്ടായാൽ അത് സർക്കാരിനെതിരായ ജനരോഷത്തിനും കാരണമാകും. ഇതാണ് സർക്കാരിനെ പിന്തിരിപ്പിക്കുന്നത്. പൊളിച്ച ഫ്ലാറ്റുകളുടെ ഉടമകൾക്ക് സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിനു പുറമേ ബാക്കി നഷ്ടപരിഹാരം ആരാണ് നൽകേണ്ടതെന്നതു സംബന്ധിച്ചും ഫ്ലാറ്റ് സമുച്ചയം സ്ഥാപിച്ച സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം സംബന്ധിച്ചും സുപ്രീം കോടതി തീർപ്പുകൽപ്പിക്കേണ്ടതുണ്ട്. തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കേണ്ടതില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ കേരള കോസ്റ്റൽ സോൺ മാനേജ്മെന്‍റ് അതോറിട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ഹർജിയിലാണ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കാൻ സുപ്രീം കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടത്.

Last Updated : Jan 12, 2020, 3:01 PM IST

ABOUT THE AUTHOR

...view details