തിരുവനന്തപുരം :സംസ്ഥാനത്ത് കനത്ത ചൂടിനെ തുടര്‍ന്ന് ഉഷ്ണ തരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുന്നില്‍ കണ്ട് തണ്ണീര്‍ പന്തലുകള്‍ തുറക്കാന്‍ നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് തണ്ണീര്‍ പന്തലുകള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയത്. തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം തണ്ണീര്‍ പന്തലുകള്‍ ആരംഭിക്കും.
മെയ് മാസം വരെ തണ്ണീര്‍ പന്തലുകള്‍ പ്രവര്‍ത്തിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്കി. തണ്ണീര്‍ പന്തലുകളില്‍ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഒആര്‍എസ് എന്നിവയാകും വിതരണം ചെയ്യുക. പൊതു ജനങ്ങള്‍ക്ക് ഇത്തരം തണ്ണീര്‍ പന്തലുകള്‍ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകള്‍ തോറും നല്‍കും. പൊതു കെട്ടിടങ്ങള്‍, ജനങ്ങള്‍ നല്കുന്ന കെട്ടിടങ്ങള്‍ എന്നിവയാകും തണ്ണീര്‍ പന്തലുകള്‍ക്കായി ഉപയോഗിക്കുക.
ഇവയുടെ പ്രവര്‍ത്തനത്തിന് ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗ്രാമ പഞ്ചായത്തിന് രണ്ട് ലക്ഷം രൂപ, മുനിസിപ്പാലിറ്റിക്ക് മൂന്ന് ലക്ഷം രൂപ, കോര്പറേഷന് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ അനുവദിക്കും. 15 ദിവസത്തിനുള്ളില്‍ തണ്ണീര്‍ പന്തലുകളുടെ പ്രവര്‍ത്തനം തുടങ്ങാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വ്യാപാരികളുടെ സഹകരണവും ഇതില്‍ ഉറപ്പാക്കണം.
ചൂട് കൂടുതലുള്ള സ്ഥലങ്ങളില്‍ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങളും സജ്ജീകരിക്കും. ഇത് കൂടാതെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും കുടിവെള്ള വിതരണത്തിനായി തദ്ദേശ വകുപ്പ് പ്ലാന്‍ ഫണ്ട് അല്ലെങ്കില്‍ തനത് ഫണ്ട് വിനിയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഉഷ്ണകാല ദുരന്ത ലഘൂകരണ പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ മാര്‍ഗരേഖയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ ഓരോ വകുപ്പിനും ചുമതലകള്‍ നിശ്ചയിച്ചിരിക്കുന്നത്.
Also Read: എങ്ങും ചുട്ടുപൊള്ളുന്നു… സൂക്ഷിക്കണം… കരുതല്‍ വേണം, പാലിക്കണം ഈ ജാഗ്രത നിര്‍ദേശങ്ങള്‍
വകുപ്പ് തിരിച്ച് പ്രവര്‍ത്തനം :ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കൃഷി വകുപ്പ്, വനം വകുപ്പ്, അഗ്നിശമന രക്ഷാസേന, തദ്ദേശ സ്ഥാപന വകുപ്പ് തുടങ്ങിയ വകുപ്പുകള്‍ വിപുലമായ രീതിയില്‍ വേനല്‍ക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള ക്യാമ്പയിന് നടത്തണം. ഇത്തരം ക്യാമ്പയിന്, 'ഈ ചൂടിനെ നമുക്ക് നേരിടാം' എന്ന പേരിലാകും നടത്തുക. സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവില്‍ ഡിഫന്‍സ് എന്നിവരെ ക്യാമ്പയിനിന്റെ ഭാഗമാക്കും. അതത് വകുപ്പുകളുടെ പ്രചാരണ ആവശ്യങ്ങള്‍ക്ക് കരുതിയിട്ടുള്ള തുക ഇതിനായി വിനിയോഗിക്കാം.
ഒരാഴ്ചയ്ക്ക് ഉള്ളില്‍ തന്നെ ക്യാമ്പയിന് ആരംഭിക്കാനും നിര്‍ദേശം നല്കി. തീപിടിത്തങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അഗ്നിശമന രക്ഷാസേന പൂര്‍ണ സജ്ജമായി നില്‍ക്കുകയും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന വ്യാപാര മേഖലകള്‍, മാലിന്യ സംഭരണ കേന്ദ്രങ്ങള്‍, ജനവാസ മേഖലയില്‍ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍, ആശുപതികള്‍, പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്താനും യോഗം നിര്‍ദേശം നല്കി. അഗ്നിശമന സേനയ്ക്ക് അധികമായി ആവശ്യമായ ഉപകരണങ്ങള്‍, കെമിക്കലുകള്‍ എന്നിവ വാങ്ങാന്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും 10 കോടി രൂപ അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.