തിരുവനന്തപുരം : കെഎസ്ആര്‍ടിസിക്ക് 700 സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ 455 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. കിഫ്ബിയില്‍ നിന്നും നാല് ശതമാനം പലിശ നിരക്കിലാണ് വായ്‌പ അനുവദിക്കുന്നത്. ശമ്പളം പോലും നല്‍കാനാകാതെ കെഎസ്ആര്‍ടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് പലിശയിനത്തില്‍ കോര്‍പ്പറേഷന് പ്രതിമാസം വന്‍ തുക ബാധ്യത വരുത്തുന്ന പുതിയ തീരുമാനം.
എന്നാല്‍ സിഎന്‍ജി ബസുകള്‍ വാങ്ങാനുള്ള കിഫ്ബി വായ്‌പ കെഎസ്ആര്‍ടിസിക്കില്ലെന്നും പുതുതായി രൂപീകരിച്ച കെ-സ്വിഫ്‌റ്റിനാണെന്നുമാണ് വിശദീകരണം. 3,000 കോടി രൂപയുടെ കടബാധ്യതയുള്ള കെഎസ്ആര്‍ടിസിക്ക് വായ്‌പ അനുവദിക്കാനാകില്ലെന്ന് കിഫ്ബി നേരത്തേ തന്നെ അറിയിച്ചിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും എം.ഡി ബിജു പ്രഭാകറും നേരത്തേ പറഞ്ഞിരുന്നു.
കിഫ്ബി വായ്‌പ തരപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് കെ-സ്വിഫ്‌റ്റ് എന്ന കമ്പനി രൂപീകരിച്ചതെന്നും കെഎസ്ആര്‍ടിസി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ 455 കോടി രൂപയ്ക്ക് നാല് ശതമാനം പലിശ ഇനത്തിലുള്ള പ്രതിമാസ ബാധ്യത കെ-സ്വിഫ്‌റ്റ് വഹിക്കുമെന്നാണ് മന്ത്രിയും എ.ഡിയും പറയുന്നത്.