കേരളം

kerala

ETV Bharat / state

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു, ബെംഗളൂരുവിലേക്ക് എയര്‍ ലിഫ്റ്റ് ചെയ്യും - oommen chandy treatment news

ന്യൂമോണിയ രോഗത്തെ തുടര്‍ന്ന് ആരോഗ്യ സ്ഥിതിയില്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയ്‌ക്ക് വിദഗ്‌ധ ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്

ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ  ഉമ്മന്‍ ചാണ്ടി  medical board for Oommen chandys treatment  Kerala govt Formed medical board for Oommen chandy
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ

By

Published : Feb 7, 2023, 6:07 PM IST

തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സാമേല്‍നോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകളിലെ വിദഗ്‌ധരായ ഡോക്‌ടര്‍മാരെ ഉള്‍പ്പെടുത്തിയാണ് ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് അവലോകനം ചെയ്യും.

സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടര്‍മാരുമായി മെഡിക്കല്‍ ബോര്‍ഡ് അംഗങ്ങള്‍ ആശയവിനിമയം നടത്തും. ചികിത്സയുടെ ഓരോ ഘട്ടവും വിലയിരുത്താനാണ് ബോര്‍ഡിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഉമ്മന്‍ ചാണ്ടിയെ വിദഗ്‌ധ ചികിത്സക്കായി ബെംഗളൂരുവിലേക്ക് മാറ്റാനാണ് നിലവിലെ നീക്കം. നാളെ (ഫെബ്രുവരി എട്ട്) എയര്‍ലിഫ്റ്റ് ചെയ്യാനാണ് തയാറെടുക്കുന്നത്. നേരത്തെ ന്യൂമോണിയ മൂലമുള്ള അണുബാധയില്‍ കുറവുവന്ന ശേഷം ബെംഗളൂരുവിലേക്ക് മാറ്റാമെന്നായിരുന്നു ധാരണ. എന്നാല്‍, വേഗത്തില്‍ മികച്ച ചികിത്സ ഉറപ്പാക്കാനാണ് നാളെ തന്നെ മാറ്റാനുള്ള ആലോചനകള്‍ നടക്കുന്നത്.

മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി വീണ ജോര്‍ജ്:മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, ഉമ്മന്‍ ചാണ്ടി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്‌ടറെയും ബന്ധുക്കളെയും കണ്ടിരുന്നു. സന്ദര്‍ശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് മെഡിക്കല്‍ ബോര്‍ഡെന്ന തീരുമാനമുണ്ടായത്. ആരോഗ്യ പ്രശ്‌നങ്ങളായി ജര്‍മനിയിലും ബെംഗളൂരുവിലും ചികിത്സക്ക് ശേഷം തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലായിരുന്നു ഉമ്മന്‍ ചാണ്ടി. എന്നാല്‍, അദ്ദേഹത്തിന് കുടുംബം വിദഗ്‌ധ ചികിത്സ നിഷേധിക്കുന്നതായി സഹോദരനടക്കം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ഇതിനുപിന്നാലെയാണ്, കടുത്ത പനിയും അണുബാധയും ഉണ്ടായതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. കുടുംബം ചികിത്സ നിഷേധിച്ചെന്ന ആരോപണങ്ങളെ ഉമ്മന്‍ ചാണ്ടി തന്നെ തള്ളിയിരുന്നു. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് അദ്ദേഹം ആരോപണങ്ങള്‍ നിഷേധിച്ചത്. ചികിത്സ നിഷേധിച്ചെന്ന പരാതി ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി തന്നെ നേരിട്ട് വിളിച്ച് ഉമ്മന്‍ ചാണ്ടിയുടെ രോഗ വിവരങ്ങള്‍ തിരക്കിയിരുന്നു.

ആശുപത്രിയില്‍ സന്ദര്‍ശിച്ച് വിഡി സതീശന്‍:ഇന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും ആശുപത്രിയിലെത്തി ആരോഗ്യസ്ഥിതി സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. മൂത്ത മകള്‍ മറിയ ഉമ്മനാണ് ഉമ്മന്‍ചാണ്ടിക്കൊപ്പം ആശുപത്രിയിലുളളത്. വിദേശത്തുള്ള ഇളയ മകള്‍ അച്ചു ഉമ്മനും ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നത് ഭാര്യയും മക്കളുമെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്‌സ് ചാണ്ടി ഇന്നലെയാണ് (ഫെബ്രുവരി ആറ്) ആരോപിച്ചത്. 2015ൽ രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് ഭാര്യ മറിയാമ്മയും മകൻ ചാണ്ടി ഉമ്മനുമാണ്. ന്യൂയോർക്കിൽ ചികിത്സയ്ക്കായി പോയപ്പോൾ, അവിടെവച്ച് ചികിത്സ നിഷേധിച്ചത് മകനും ഭാര്യയും ആണെന്നും അലക്‌സ് ചാണ്ടി ആരോപിച്ചു.

READ MORE|'ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നത് ഭാര്യയും മക്കളും, പിന്നില്‍ പ്രാര്‍ഥനാസംഘം'; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സഹോദരന്‍

രോഗം കണ്ടുപിടിച്ചിട്ടും മൂന്ന് വർഷത്തോളം ഈ വിവരം കുടുംബാംഗങ്ങളിൽ നിന്ന് മറച്ചുവച്ചു. മകൾ മറിയം ഉമ്മനും മകൻ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയും ആണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്ക് എതിരായി നിൽക്കുന്നത്. ആധുനിക ചികിത്സയ്ക്ക് പകരം ആയുർവേദ ചികിത്സയാണ് ഇപ്പോൾ അദ്ദേഹത്തിന് നൽകുന്നത്. ജർമനിയിൽ വിദഗ്‌ധ ചികിത്സയ്ക്ക് പോയിട്ടും ശരിയായ രീതിയിൽ ചികിത്സിക്കാന്‍ ഇവർ സമ്മതിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ABOUT THE AUTHOR

...view details