തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ 3000 കോടി രൂപ കടം എടുത്ത് ഉത്സവബത്ത അടക്കമുള്ള ആനുകൂല്യങ്ങൾ നൽകാനൊരുങ്ങി സർക്കാർ. ഇത് സംബന്ധിച്ച് ഇന്ന് (ഓഗസ്റ്റ് 7) നിർണായക യോഗം ചേരും. ഓണം അനുബന്ധിച്ച് സർക്കാർ നേരത്തെ 2000 കോടി കടമെടുത്തിരുന്നു. ഇതിന് പുറമെയാണ് വീണ്ടും കടമെടുക്കുന്നതിനെ സംബന്ധിച്ച് ധനവകുപ്പ് ആലോചിക്കുന്നത്.
കഴിഞ്ഞ തവണ 4000 രൂപ ബോണസും 2750 രൂപ ഉത്സവബത്തയും 20,000 രൂപ അഡ്വാൻസുമാണ് നൽകിയത്. സർക്കാർ നൽകി വരുന്ന ക്ഷേമ പെൻഷൻ കുടിശിക അടക്കം കൊടുത്തു വീട്ടുന്നതിന് 1762 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ചിരുന്നു. ഓഗസ്റ്റ് 23നകം ക്ഷേമ പെൻഷൻ വിതരണം ചെയ്യണമെന്നാണ് നിർദേശം. 60 ലക്ഷം പേരാണ് സർക്കാരിന്‍റെ ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഇത്തവണ ഓണം ബോണസ് ഉത്സവബത്ത പോലുള്ള ആനുകൂല്യങ്ങൾ ഉണ്ടാകില്ലെന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇതിനെതിരെ വിവിധ സർക്കാർ സംഘടനകൾ രംഗത്ത് വന്നിരുന്നു. സർക്കാർ ജീവനക്കാരെ പിണക്കി മുന്നോട്ടു പോവേണ്ട എന്ന തീരുമാനത്തിന് പിന്നാലെയാണ് ആനുകൂല്യങ്ങൾ അനുവദിക്കാൻ സർക്കാർ ആലോചിക്കുന്നത്.
ജൂണില്‍ സര്‍ക്കാര്‍ അനുവദിച്ചത് 950 കോടി:ഇക്കഴിഞ്ഞ ജൂണ്‍ 8 മുതല്‍ സംസ്ഥാനത്തെ 64 ലക്ഷത്തോളം പേര്‍ക്ക് 1600 രൂപ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്‌തിരുന്നു. അന്ന് പെന്‍ഷന്‍ വിതരണത്തിനായി ധനവകുപ്പ് അനുവദിച്ചത് 950 കോടി രൂപയായിരുന്നു. ജൂണിന് മുമ്പ് പെന്‍ഷന്‍ നല്‍കിയത് ഏപ്രില്‍ മാസത്തിലായിരുന്നു. ഏപ്രിലില്‍ രണ്ട് മാസത്തെ പെന്‍ഷനാണ് നല്‍കിയത്. ഇതിനായി സര്‍ക്കാര്‍ അനുവദിച്ചത് 1871 കോടി രൂപയായിരുന്നു.