തിരുവനന്തപുരം :ദീർഘകാല കരാറിലൂടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള കരാർ (Electricity Contracts) പുനസ്ഥാപിക്കാൻ സർക്കാർ തീരുമാനം. റെഗുലേറ്ററി കമ്മിഷൻ (Regulatory Commission) റദ്ദാക്കിയ വൈദ്യുത കരാറുകളാണ് പുനസ്ഥാപിക്കുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. കേന്ദ്രവൈദ്യുതി നിയമത്തിലെ 108 വകുപ്പ് പ്രകാരം റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയ കരാറുകൾ പുനസ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് കഴിയും.
ഇതനുസരിച്ചാണ് മന്ത്രിസഭായോഗം ഇന്ന് നിർണായകമായ തീരുമാനമെടുത്തത്. ദീർഘകാല കരാറിലൂടെ മൂന്ന് കമ്പനികളിൽ നിന്ന് 4.26 രൂപയ്‌ക്ക് വൈദ്യുതി വാങ്ങാൻ ആയിരുന്നു കേരളം കരാർ ഒപ്പിട്ടിരുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാറിന്‍റെ കാലത്താണ് ഇത്തരമൊരു കരാർ നിലവിൽ വന്നത്. കരാർ പ്രകാരം ഏഴുവർഷങ്ങളിലായി 465 മെഗാവാട്ട് വൈദ്യുതി കേരളം വാങ്ങുകയും ചെയ്‌തിരുന്നു.
17 വർഷത്തേക്ക് കൂടി നിലവിലുള്ള കരാർ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് റഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയത്. ഇതോടെ സംസ്ഥാനത്തിന് വൈദ്യുതി നൽകുന്നതിൽ നിന്ന് കരാറിൽ ഒപ്പിട്ടിരുന്ന ജാംബുവാ പവർ ലിമിറ്റഡ്, ജിണ്ടാൽ പൗർണൻ ലിമിറ്റഡ്, ജിണ്ടാൽ തെർമൽ പവർ ലിമിറ്റഡ് എന്നീ കമ്പനികൾ പിന്മാറി. ഇതോടെ സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുണ്ടായി. തുടർന്ന് കെഎസ്‌ഇബി (KSEB) വീണ്ടും ടെൻഡറുകൾ വിളിച്ചെങ്കിലും കമ്പനികൾ 7.30 രൂപയാണ് യൂണിറ്റിന് ആവശ്യപ്പെട്ടത്.