കേരളം

kerala

ETV Bharat / state

എഐ കാമറയില്‍ പിന്നോട്ടില്ല; വിവാദങ്ങള്‍ക്കിടയിലും പദ്ധതിയുമായി മുന്നോട്ട് പോകാനുറച്ച് സര്‍ക്കാര്‍ - മോട്ടോർ വാഹന വകുപ്പ്

തിങ്കളാഴ്‌ച (മെയ് എട്ട്) മുതൽ എഐ കാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് നോട്ടിസ് അയക്കാൻ തീരുമാനം. വിഷയം സംബന്ധിച്ച് കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിൽ ധാരണയായി

Govt decided to go forward with AI Camera project  AI Camera project  AI Camera  എഐ ക്യാമറയില്‍ പിന്നോട്ടില്ല  എഐ ക്യാമറ  എഐ ക്യാമറ പദ്ധതി  ഗതാഗത മന്ത്രി ആന്‍റണി രാജു  മോട്ടോർ വാഹന വകുപ്പ്  മുഖ്യമന്ത്രി
എഐ ക്യാമറയില്‍ പിന്നോട്ടില്ല

By

Published : May 6, 2023, 12:24 PM IST

തിരുവനന്തപുരം: എഐ കാമറ പദ്ധതി സംബന്ധിച്ച അഴിമതി ആരോപണം നാൾക്കുനാൾ മുറുകുമ്പോഴും പദ്ധതിയുമായി മുന്നോട്ട്‌ പോകാൻ ഉറപ്പിച്ച് സർക്കാർ. നിലവിൽ തിങ്കളാഴ്‌ച (മെയ് എട്ട്) മുതൽ എഐ കാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് നോട്ടിസ് അയക്കാൻ തീരുമാനമായി. ഇത് സംബന്ധിച്ച് കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിൽ ധാരണയായി.

ഏപ്രിൽ 20 ന് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞത് മെയ് 19 വരെ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കാതെ ബോധവത്കരണ നോട്ടിസ് അയക്കുമെന്നായിരുന്നു. എന്നാൽ പിഴ ഈടാക്കാതെ നോട്ടിസ് പ്രിന്‍റെടുത്ത് രജിസ്‌റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹന വകുപ്പ് നൽകണമെന്നായിരുന്നു കെൽട്രോണിന്‍റെ ആവശ്യം. ഇത് നിഷേധിച്ച മോട്ടോർ വാഹന വകുപ്പ് കരാർ പ്രകാരം ഇതെല്ലാം ചെയ്യേണ്ടത് കെൽട്രോണിന്‍റെ ചുമതലയാണെന്ന് നിലപാടെടുത്തു.

ഇതോടെ ബോധവത്‌കരണ നോട്ടിസ് അയക്കുന്ന കാര്യവും അവതാളത്തിലാകുകയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിൽ ധാരണയായ സാഹചര്യത്തിലാണ് തിങ്കളാഴ്‌ച മുതൽ നോട്ടിസ് അയക്കാൻ തീരുമാനമായത്. മെയ് 20 മുതൽ തന്നെ എഐ കാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read:എഐ ക്യാമറ വിവാദം ചർച്ചയായില്ല; സെക്രട്ടേറിയറ്റ് യോഗത്തിലും മൗനം തുടർന്ന് സിപിഎം

പദ്ധതി വിവാദത്തിലായിരിക്കെ എഐ കാമറ വഴി കണ്ടെത്തുന്ന നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നത് ഉടനില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യക്തത വരുത്തിയിരിക്കുന്നത്. എഐ കാമറകൾ സ്ഥാപിച്ച ആദ്യ ദിനങ്ങളിൽ ഓരോ ദിവസവും നാലര ലക്ഷത്തിലധികം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. എന്നാൽ ക്രമേണ ഇത് കുറഞ്ഞു. കഴിഞ്ഞ ദിവസം 2.65 ലക്ഷം നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്.

എഐ കാമറകൾ സ്ഥാപിച്ചതോടെ ജനങ്ങൾ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ. അതേസമയം വിജിലൻസ് അന്വേഷണം നടക്കുന്നതു കൊണ്ടാണ് എഐ കാമറ പദ്ധതിയിലെ ആരോപണങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാത്തതെന്ന് സിപിഎം നേതാവ് എകെ ബാലൻ വ്യക്തമാക്കി. വിജിലന്‍സ് അന്വേഷിക്കുമ്പോള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി എങ്ങനെ അഭിപ്രായം പറഞ്ഞു എന്നാവും പ്രതികരിച്ചാല്‍ പ്രതിപക്ഷം പറയുകയെന്നും എകെ ബാലൻ പറഞ്ഞു.

നിയമപരമായി അഭിപ്രായം പറയാൻ കഴിയുന്ന കാര്യങ്ങളിൽ മുഖ്യമന്ത്രി അഭിപ്രായം പറയുക തന്നെ ചെയ്യും. പ്രതികരിച്ചില്ലെങ്കിൽ ഒളിച്ചുകളി എന്ന് പറയും. അടിസ്ഥാനം ഇല്ലാത്ത ആരോപണങ്ങളിൽ മൗനം പാലിക്കും. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ പ്രതിപക്ഷം പലപ്പോഴായി പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ടെന്നും എകെ ബാലൻ പറഞ്ഞു.

Also Read:എ ഐ കാമറ വിവാദം; പ്രതിപക്ഷം പുകമറ സൃഷ്‌ടിക്കുന്നു, വസ്‌തുതാ വിരുദ്ധമായ പ്രചരണം നടക്കുന്നുവെന്ന് പി രാജീവ്

ABOUT THE AUTHOR

...view details