തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ യുണിവേഴ്‌സിറ്റി വഴി ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി സ്ഥാപിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു (Kerala Govt Approves Graphene Pilot Production Facility). ഇതിനായി 237 കോടി രൂപ ചെലവാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ കിന്‍ഫ്രയില്‍ നിന്നും വായ്‌പ തേടിയാകും പദ്ധതി നടപ്പിലാക്കുക. കിന്‍ഫ്രയാകും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക. പദ്ധതിക്കായി ആഗോള തലത്തില്‍ താത്പര്യ പത്രം ക്ഷണിക്കാനുള്ള ചുമതലയും ഡിജിറ്റല്‍ യുണിവേഴ്‌സിറ്റിക്കാണ്.
ഡിജിറ്റില്‍ യുണിവേഴ്‌സിറ്റിയുടെ അധ്യക്ഷതയില്‍ വ്യവസായ വകുപ്പിലെയും ഐ ടി വകുപ്പിലെയും കിന്‍ഫ്രയിലെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി മാനേജിങ് കമ്മിറ്റിയും രുപീകരിക്കും. 2022-23 ലെ ബജറ്റിലായിരുന്നു പദ്ധതിയുടെ പ്രഖ്യാപനം. ഗ്രാഫീന്‍ ഉത്പന്നങ്ങളെ വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കുവാന്‍ മധ്യതല ഗ്രാഫീന്‍ പൈലറ്റ് പ്രൊഡക്ഷന്‍ യൂണിറ്റാകും ഇപ്പോള്‍ ആരംഭിക്കുക. ഇതിനായി ഗ്രാഫീന്‍ അധിഷ്‌ഠിത സാങ്കേതിക വിദ്യ വികസനത്തിനായി രുപീകരിച്ച ഇന്ത്യ ഇന്നോവേഷന്‍ സെന്‍റര്‍ ഫോര്‍ ഗ്രാഫിന്‍ ഗവേഷണ കേന്ദ്രവും പ്രാരംഭ ഘട്ടത്തിലാണ്.
മറ്റ് തീരുമാനങ്ങള്‍: പൊതുവിദ്യാഭ്യാസ വകുപ്പില്‍ 15 താത്കാലിക ക്ലാര്‍ക്ക് തസ്‌തികയുടെ കാലാവധി ദീര്‍ഘിപ്പിച്ചു. മികവ് പുലര്‍ത്തിയ കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്ന പദ്ധതി പ്രകാരം പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിയമനം നല്‍കിയവര്‍ക്കാണ് കാലാവധി നീട്ടി നല്‍കി തീരുമാനമായത്. സ്‌പോര്‍ട്‌സ് ക്വാട്ട മുഖേന നിയമിതരായവര്‍ക്കാണ് തസ്‌തികയുടെ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കിയത്.