തിരുവനന്തപുരം: ടോക്കിയോ ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. രണ്ട് കോടി രൂപയാണ് ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ ശ്രീജേഷിന് ജോയിന്‍റ് ഡയറക്ടറായി സ്ഥാന കയറ്റം നല്‍കാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്. ഒളിമ്പിക്‌സില്‍ പങ്കെടുത്ത മുഴുവന്‍ മലയാളി താരങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചതായി കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ അറിയിച്ചു.
അതേസമയം ടോക്കിയോയില്‍ മികച്ച പ്രകടനം നടത്തിയ ടീമിന്‍റെ മെഡല്‍ നേട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ച താരത്തിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചകളില്‍ പ്രതിപക്ഷാംഗങ്ങള്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു.
also read: 'സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസും ഉത്സവബത്തയും': വിശദാംശങ്ങള്‍ ഉടനെന്ന് മന്ത്രി
ഇതിന് മറുപടിയായി ഇന്നത്തെ മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി മറുപടിയും നല്‍കിയിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീജേഷിന് കഴിഞ്ഞ ദേശീയ ഗെയിംസിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാന കയറ്റം നല്‍കിയത്.