തിരുവനന്തപുരം/എറണാകുളം:ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിനെതിരെ വിസിമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വരുന്നത്. മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്: വിസിമാരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിരിച്ചുവിടാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ വിസിമാരോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍നല്‍കിയ നോട്ടീസിന്‍റെ സമയ പരിധി ഇന്ന് അവസാനിക്കും.
ഒമ്പത് വിസിമാരോടാണ് 24 മണിക്കൂറിനുള്ളിൽ രാജിവെയ്‌ക്കാൻ ഗവർണർ ആവശ്യപ്പെട്ടത്. ഈ നോട്ടീസിന് മറുപടി നൽകേണ്ട സമയ പരിധിയാണ് ഇന്ന് അവസാനിക്കുന്നത്. നോട്ടീസിന് വിശദീകരണം നൽകിയിരിക്കുന്നത് മുൻ കേരള വിസി വിപി മഹാദേവൻ പിള്ള മാത്രമാണ്. വിസി നിയമനം ചട്ട പ്രകാരം ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ മറുപടി. കിട്ടിയ മറുപടികൾ പരിശോധിച്ച് ഏഴിന് ശേഷം ആകും ഗവർണറുടെ തുടർ നടപടി ഉണ്ടാകുക.
യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്‍റെ പേരിൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഗവർണര്‍ വിസിമാരോട് രാജി വയ്ക്കാനാവശ്യപ്പെട്ടത്. ഇത് ചോദ്യം ചെയ്ത് വിസിമാർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. നിയമപ്രകാരം നോട്ടീസ് നൽകി വിസിമാരുടെ മറുപടിയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാണ് സിംഗിൾ ബെഞ്ച് പ്രത്യേക സിറ്റിങ്ങിൽ നൽകിയ ഉത്തരവ്.