തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോരിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് (21.09.2022) ഡൽഹിക്ക് പോകും. വിവാദമായ ലോകായുക്ത നിയമഭേദഗതി, സർവകലാശാല നിയമഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്നും മറ്റുള്ള ബില്ലുകളിൽ ഒപ്പിടമെങ്കിൽ മന്ത്രിമാരോ സെക്രട്ടറിയോ നേരിട്ട് എത്തണമെന്നുമുള്ള വ്യവസ്ഥ വച്ച ശേഷമാണ് ഗവർണർ ഡൽഹിയിലേക്ക് പോകുന്നത്. രാജ് ഭവനില്‍ വച്ചാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വ്യവസ്ഥകള്‍ അറിയിച്ചത്.
ഇന്ന് ഡൽഹിയിലേക്ക് പോകുന്ന ഗവർണർ ഈ മാസം കേരളത്തിലേക്ക് മടങ്ങിവരില്ല. ഗവർണറുടെ മടക്കം അടുത്ത മാസം ആദ്യം ആയിരിക്കുമെന്നാണ് സൂചന. 11 ബില്ലുകളാണ് ഗവർണറുടെ പരിഗണന കാത്തിരിക്കുന്നത്. മന്ത്രിമാർ വന്ന് ബില്ലുകളെ കുറിച്ച് വിശദീകരിക്കണമെന്ന് കഴിഞ്ഞ മാസം ഗവർണർ സർക്കാറിന് കത്തയച്ചിരുന്നു. അതുകൊണ്ടു തന്നെ മന്ത്രിമാരോ സെക്രട്ടറിമാരോ ഇന്ന് വിശദീകരിക്കാൻ എത്തിയില്ലെങ്കിൽ ബില്ലുകളിലും തീരുമാനം നീളുമെന്നുറപ്പാണ്.