തിരുവനന്തപുരം: ഓര്‍ഡിനന്‍സുകളില്‍ ഒപ്പ് വെക്കാന്‍ സമയം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സ് കൃത്യമായി വിശകലനം ചെയ്യണമെന്നും എല്ലാം ഒറ്റ ദിവസം കൊണ്ട് ഒപ്പിടാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറുമായി ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ 11 ഓര്‍ഡിനന്‍സുകള്‍ ഇന്ന് അസാധുവാകും.
ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് അടക്കമുളള 11 ഓര്‍ഡിനന്‍സുകളിലാണ് ഗവര്‍ണര്‍ ഇതുവരെ തീരുമാനം അറിയിക്കാത്തത്. നേരത്തെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു.
എന്നാല്‍ നിയമസഭയില്‍ ബില്‍ കൊണ്ട് വരാത്തതിനാല്‍ ഈ ഓര്‍ഡിനന്‍സിന്‍റെ കാലാവധി അവസാനിക്കുകയും ഓര്‍ഡിനന്‍സുകള്‍ പുതുക്കി ഇറക്കാന്‍ ജൂലൈ 27ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിക്കുകയും ചെയ്‌തു. സഭ സമ്മേളനം തുടങ്ങുന്ന ദിവസം മുതല്‍ 42 ദിവസമാണ് ഓര്‍ഡിനന്‍സിന്‍റെ കാലാവധി. സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കുന്ന ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ ഒരുങ്ങിയതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്.
എന്നാല്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരാതെ ഓര്‍ഡിനന്‍സുകള്‍ നിരന്തരം പുതുക്കി ഇറക്കുന്നതിനോടുള്ള വിയോജിപ്പാണെന്നാണ് ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്തതിനുള്ള കാരണമായി രാജ്‌ഭവന്‍ വ്യക്തമാക്കുന്നത്. ഇതിനാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. നിയമ നിര്‍മാണത്തിനായി ഒക്‌ടോബറില്‍ പ്രത്യേക നിയമസഭ സമ്മേളനം ചേരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.