തിരുവനന്തപുരം : സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെയും പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും കുടിശിക അനുവദിച്ച് സർക്കാർ. സ്‌കൂളിലെ പാചക തൊഴിലാളികൾക്കുള്ള കുടിശിക ഓണറേറിയവും അംഗീകൃത പ്രീ പ്രൈമറി വിഭാഗത്തിലെ അധ്യാപകർക്കും ആയമാർക്കുമുള്ള ഓണറേറിയവും സ്‌കൂളുകളുടെ പാചക ചെലവ് ഇനത്തിലെ കുടിശികയുമാണ് അനുവദിച്ചത്. 2022-23 സാമ്പത്തിക വർഷത്തെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിച്ച രണ്ടാം ഗഡു വിഹിതം ലഭ്യമായതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ പാചക തൊഴിലാളികളുടെ 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മുഴുവൻ ഓണറേറിയവും മാർച്ച് മാസത്തെ ഓണറേറിയത്തിൽ 4000 രൂപയും അനുവദിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പദ്ധതി നടത്തിപ്പിനായി സ്‌കൂളുകൾക്ക് പാചക ചെലവ് ഇനത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശികയായി കിട്ടാനുണ്ടായിരുന്ന 83.48 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്.