തിരുവനന്തപുരം: തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ച് മന്ത്രി ടിപി രാമകൃഷ്ണണൻ. മരംകയറ്റവും കള്ളുചെത്തും സെക്യൂരിറ്റി ഗാർഡും അടക്കം 15 മേഖലകളിലെ മികച്ച തൊഴിലാളികൾക്കാണ് സംസ്ഥാന സർക്കാർ പുരസ്കാരം ഏർപ്പെടുത്തിയത്. തൊഴിലാളി ശ്രേഷ്ഠ എന്ന പേരിൽ ഇക്കൊല്ലം മുതൽ നൽകുന്ന പുരസ്കാരത്തിന് പതിനഞ്ചു പേരെ തെരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പുരസ്കാരം ഏർപ്പെടുത്തുന്നതെന്നും തൊഴിലാളികൾക്ക് തൊഴിലുടമകളും പൊതുസമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പുരസ്കാരം സഹായിക്കുമെന്നും പുരസ്കാരം പ്രഖ്യാപിച്ച് മന്ത്രി പറഞ്ഞു.
തൊഴിൽ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം - Worker of the Year Award
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു പുരസ്കാരം ഏർപ്പെടുത്തുന്നതെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍
6,830 അപേക്ഷകൾ പരിഗണിച്ച്, തൊഴിലാളി ശ്രേഷ്ഠ വെബ് പോർട്ടൽ മുഖേന മാർക്ക് കണക്കാക്കി, തൊഴിലുടമകളുടെയും ട്രേഡ് യൂണിയനുകളുടെയും അഭിപ്രായം തേടിയാണ് പുരസ്കാരം നിർണയിച്ചത്. മേഖല, ജില്ല, സംസ്ഥാനതല അഭിമുഖങ്ങളും ഉണ്ടായിരുന്നു. മികച്ച സെക്യൂരിറ്റി ഗാർഡായി എറണാകുളം ജില്ലയിലെ കെവി സജീവൻ തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം ജില്ലയിലെ വൈ. നസറുദ്ദീൻ കുട്ടിയാണ് മികച്ച ചുമട്ടുതൊഴിലാളി. മികച്ച നിർമാണതൊഴിലാളിയായി പാലക്കാട്ടെ എൻ ഉണ്ണികൃഷ്ണനും ചെത്തു തൊഴിലാളിയായി വയനാട്ടിലെ വിഎസ് മുരളീധരനും മരം കയറ്റ് തൊഴിലാളിയായി ആലപ്പുഴയിലെ കെ ശശിയും തയ്യൽ തൊഴിലാളിയായി വയനാട്ടിലെ എ കുഞ്ഞഹമ്മദും തെരഞ്ഞെടുക്കപ്പെട്ടു.
എറണാകുളത്തെ കെ .സി ഗ്രേസിയാണ് മികച്ച കയർ തൊഴിലാളി. കൊല്ലത്തെ പി സരസ്വതി അമ്മയാണ് മികച്ച കശുവണ്ടി തൊഴിലാളി. മോട്ടോർ തൊഴിലാളിക്കുള്ള പുരസ്കാരം ഇടുക്കിയിലെ ജോർജ് വർഗീസിനും തോട്ടം തൊഴിലാളിക്കുള്ള പുരസ്കാരം വയനാട്ടിലെ വസന്തയ്ക്കും ലഭിക്കും. മലപ്പുറത്തെ പി അനൂപാണ് മികച്ച സെയിൽസ്മാൻ. മലപ്പുറത്തെ എഎസ് അശ്വതിയാണ് മികച്ച നഴ്‌സ്. ടെക്സ്റ്റൈൽ തൊഴിലാളിക്കുള്ള പുരസ്കാരം ആലപ്പുഴയിലെ കെഎസ് ലിജിക്കും ഗാർഹിക ജോലിക്ക് കൊല്ലത്തെ സി ഷൈനി റേയ്ച്ചലിനും പുരസ്കാരം ലഭിക്കും. കോഴിക്കോട്ടെ ടി രാജേഷാണ് മികച്ച ആഭരണ തൊഴിലാളി. വെള്ളിയാഴ്ച്ച തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മന്ത്രി ടിപി രാമകൃഷ്ണൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വരും വർഷങ്ങളിൽ പുരസ്കാര നിർണയം കൂടുതൽ മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.