തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടര്‍ മരവിപ്പിച്ച ഉത്തരവ് പിൻവലിച്ചു. 2022-23 വർഷത്തെ ലീവ് സറണ്ടർ പിൻവലിച്ചതാണ് റദ്ദാക്കായിരിക്കുന്നത്. എന്നാൽ ലീവ് സറണ്ടർ ആനുകൂല്യം ലഭിക്കുന്നതിന് നിബന്ധനകളും ഉത്തരവിൽ പറയുന്നുണ്ട്.
ഡിസംബർ 31 വരെ ലീവ് സറണ്ടർ ചെയ്‌ത് പണം കൈപ്പറ്റുന്നതിനുള്ള വിലക്കാണ് മാറിയിരിക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെയുള്ള മാസത്തിലെ ലീവ് സറണ്ടർ ജീവനക്കാർക്ക് ഏപ്രിലിലും സറണ്ടർ ചെയ്‌ത് പണം കൈപ്പറ്റാനാവും. എന്നാൽ പിൻവലിക്കുന്ന തുക ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിലാകും നിക്ഷേപിക്കുക.
ലീവ് സറണ്ടർ മരവിപ്പിച്ചത് പിൻവലിച്ച ഉത്തരവ് മാർച്ച് 30ന് ശേഷം മാത്രമായിരിക്കും തുക പിഎഫിൽ ഇടുക. ഈ തുക പിൻവലിക്കുന്നതിനും നിബന്ധനയുണ്ട്. നാല് വർഷത്തെ ലോക്ക് ഇൻ പീരീഡിന് ശേഷമാകും തുക പിൻവലിക്കാൻ കഴിയുക. കൊവിഡിനെ തുടർന്നുള്ള സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് ലീവ് സറണ്ടർ മരവിപ്പിച്ചത്.
നാല് തവണ ഉത്തരവ് പുതുക്കിയിറക്കിയിരുന്നു. അവസാനം പുറത്തിറക്കിയ ഉത്തരവിൻ്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്. ഒരു വർഷത്തെ 30 അവധികളാണ് ജീവനക്കാർക്ക് സറണ്ടർ ചെയ്യാനാവുക.
ഇങ്ങിനെ ചെയ്‌താൽ അത്രയും ദിവസത്തെ വേതനം ജീവനക്കാർക്ക് പണമായി കൈപ്പറ്റാനാവും. ലീവ് സറണ്ടർ പുനസ്ഥാപിച്ചെങ്കിലും പിൻവലിക്കുന്നതിലെ നിബന്ധനകളിൽ പ്രതിപക്ഷ സർവീസ് സംഘടനകൾക്ക് എതിർപ്പുണ്ട്.