കേരളത്തില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗൺ - kerala government announced lockdown till 16th may
11:15 May 06
മെയ് എട്ട് മുതൽ 16 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന പശ്ചാത്തലത്തില്‍ ശനിയാഴ്‌ച മുതല്‍ ഒമ്പത് ദിവസം സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇപ്പോള്‍ തുടരുന്ന കര്‍ശന നിയന്ത്രണങ്ങള്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങാന്‍ സംസ്ഥാനം തീരുമാനിച്ചത്. മെയ് എട്ടിന് രാവിലെ ആറു മുതല്‍ മെയ് 16 വരെയായിരിക്കും ലോക്ക് ഡൗണ്‍. പൊതു ഗതാഗതം ഉള്‍പ്പെടെ നിര്‍ത്തി വയ്ക്കും. സര്‍ക്കാര്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫിസുകള്‍ എന്നിവ അടച്ചിടും.
ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍, മറ്റ് അവശ്യ സര്‍വീസ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും പുറത്തിറങ്ങാന്‍ അനുവാദമില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവയ്ക്ക് മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. സംസ്ഥാനത്ത് ഇപ്പോള്‍ ഏര്‍പ്പെടുത്തിയ മിനി ലോക്ക്ഡൗണ്‍ ഫലം കാണാത്ത സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കൊണ്ടുമാത്രമേ പ്രയോജനമുള്ളൂവെന്ന് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചു കൂടിയാണ് തീരുമാനം.
കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ജനങ്ങള്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് വ്യാപകമായി പുറത്തിറങ്ങുന്നതിനാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണാണ് ഉചിതമെന്നും പൊലീസ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു. തീരുമാനത്തിന്‍റെ വിശദാംശങ്ങള്‍ വൈകിട്ട് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കും.