തിരുവനന്തപുരം:നിയമസഭയിലെ പ്രതിപക്ഷത്തിന്‍റെ അപ്രതീക്ഷിത നീക്കത്തില്‍ പതറിയ ഭരണപക്ഷം അതിനെ മറികടക്കാന്‍ മറുതന്ത്രങ്ങള്‍ മെനയുകയാണ്. ഭരണപക്ഷ നീക്കങ്ങളറിഞ്ഞ് തിരിച്ചടിക്കാന്‍ പ്രതിപക്ഷവും നീക്കം തുടങ്ങിയതോടെ വരും ദിവസങ്ങളില്‍ നിയമസഭ പ്രക്ഷുബ്‌ധമാകുമെന്നത് ഉറപ്പായി. തുടര്‍ച്ചയായി, രണ്ട് ദിവസങ്ങളിലും മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയം അടിയന്തര പ്രമേയം ആയുധമാക്കിയപ്പോഴാണ് അതിനെ പ്രതിരോധിക്കാന്‍ രണ്ട് ദിവസങ്ങളിലും നോട്ടിസ് സ്‌പീക്കര്‍ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഭരണപക്ഷം എത്തിയത്.
എന്നാല്‍, ഇന്നലത്തേത് പോലെ നിയമഭയുടെ നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുമെന്ന പ്രതീക്ഷയാണ് ഭരണപക്ഷത്തിന് ഉണ്ടായിരുന്നത്. എന്നാല്‍ സഭയ്ക്കുള്ളിലെ പ്രതിഷേധം അവസാനിപ്പിച്ച് ഇറങ്ങിയ പ്രതിപക്ഷം, പ്രതിപക്ഷ നേതാവിന്‍റെ സഭയിലെ ഓഫിസിലെത്തി പൊടുന്നനേ സ്‌പീക്കറുടെ ഓഫിസിന് മുന്‍പിലേക്ക് നീങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. നിയമസഭ ഹാളിനുള്ളിലേക്ക് സ്‌പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും എത്താറുള്ള കവാടത്തിനു സമീപമാണ് സ്‌പീക്കറുടെ ഓഫിസ്. അകത്ത് സഭാനടപടികള്‍ പുരോഗമിക്കുമ്പോള്‍ പ്രതിപക്ഷം ഇവിടെയിരുന്ന് മുദ്രാവാക്യം മുഴക്കാന്‍ തുടങ്ങി. ഇതിനിടയിലേക്ക് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തിയതോടെ രംഗം ആകെ വഷളായി.
സംഘര്‍ഷഭൂമിയായി സ്‌പീക്കറുടെ ഓഫിസ് പരിസരം:മുതിര്‍ന്ന വാച്ച് ആന്‍ഡ് വാര്‍ഡ് ഉദ്യോഗസ്ഥന്‍ തിരുവഞ്ചൂരിനെ പിടിച്ചു തള്ളിയെന്നാരോപിച്ച് പ്രതിപക്ഷം പ്രകോപിതരായതോടെ സഭാമന്ദിരത്തിനുള്ളിലെ സ്‌പീക്കറുടെ ഓഫിസ് പരിസരം സംഘര്‍ഷഭൂമിയായി. ആദ്യം വാച്ച് ആന്‍ വാര്‍ഡുമായി ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ ഭരണപക്ഷം സംഘടിച്ചെത്തിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥ. ഇതിനിടെ ഇന്നത്തെ നടപടികള്‍ വേഗത്തിലാക്കി ഓഫിസിലേക്കു കടന്നുവന്ന സ്‌പീക്കര്‍ക്ക് ഭരണപക്ഷം സംരക്ഷണ വലയം തീര്‍ക്കുന്നതിനിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
ALSO READ|സ്പീക്കറുടെ ഓഫീസിനു മുന്നിൽ വൻ സംഘർഷം, ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി, വാച്ച് ആൻഡ് വാർഡുമായും സംഘർഷം, 4 പ്രതിപക്ഷ എംഎൽഎ മാർക്ക് പരിക്ക്
ഇതിനിടയിലാണ് സച്ചിന്‍ദേവും എച്ച് സലാമും എം വിജിനും തങ്ങളെ മര്‍ദിച്ചതായി പ്രതിപക്ഷ എംഎല്‍എമാര്‍ ആക്ഷേപമുന്നയിച്ചത്. ഇതിന് ശേഷമാണ് സ്‌പീക്കറെ കണ്ട് വാച്ച് ആന്‍ഡ് വാര്‍ഡിനെ പിന്‍വലിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടത്. ഇതോടെ സ്‌പീക്കറുടെ ഓഫിസിന് മുന്നിലെ സംഘര്‍ഷം അയഞ്ഞു. എന്നാല്‍ ഇതിനുപിന്നാലെ ആശുപത്രിയില്‍ വാച്ച് ആന്‍ വാര്‍ഡ് ചികിത്സ തേടുകയും എംഎല്‍എമാര്‍ തങ്ങളെ മര്‍ദിക്കുകയും ചെയ്‌തുവെന്ന് അവര്‍ ആരോപിക്കുകയും ചെയ്‌തതില്‍ പ്രതിപക്ഷം ചില അപായ സൂചനകള്‍ കാണുന്നുണ്ട്. വാച്ച് ആന്‍ഡ് വാര്‍ഡിനെക്കൊണ്ട് പൊലീസില്‍ പരാതി നല്‍കി പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തേക്കും എന്നവര്‍ കരുതുന്നു.
മാത്രമല്ല, ഇന്ന് ചേരാനിരുന്ന കാര്യോപദേശക സമിതിയോഗം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റൊരു ദിവസത്തിലേക്ക് മാറ്റിയതും മറ്റൊരപകട സൂചനയായി പ്രതിപക്ഷം കാണുന്നുണ്ട്. അവിടെ ഒരുപക്ഷേ പ്രതിപക്ഷത്തിലെ അംഗങ്ങള്‍ക്കെതിരെ എന്തെങ്കിലും നടപടിക്ക് ശുപാര്‍ശ ചെയ്‌തേക്കുമെന്ന് പ്രതിപക്ഷം സംശയിക്കുന്നു. ഏതായാലും കാര്യോപദേശക സമിതിയോഗവുമായി സഹകരിക്കേണ്ടതില്ലെന്ന് പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. മാത്രമല്ല, സഭാതലം സംഘര്‍ഷ ഭൂമിയാക്കി സഭ ഗില്ലറ്റുചെയ്‌ത് പ്രശ്‌നങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇത് അനുവദിക്കേണ്ടതില്ലെന്നുമാണ് പ്രതിപക്ഷ തീരുമാനം.
രണ്ട് മന്ത്രിമാരെ കളത്തിലിറക്കി ഭരണപക്ഷം:ഇന്ന് പ്രതിപക്ഷ നേതാവ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്‌പീക്കറെ വിമര്‍ശിക്കാതെ മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും അതിരൂക്ഷമായി വിമര്‍ശിച്ചതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയുടെ കുടുംബ അജണ്ട നടപ്പാക്കാന്‍ സ്‌പീക്കറെ തങ്ങളുടെ ശത്രുവാക്കുകയാണെന്നാരോപിച്ച പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ മകളുടെ ഭര്‍ത്താവായ മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും കടന്നാക്രമിച്ചു. മന്ത്രി മുഹമ്മദ് റിയാസ് മാനേജ്‌മെന്‍റ് ക്വാട്ടയിലാണ് മന്ത്രിയായതെന്ന് പരിഹസിച്ച സതീശന്‍ മന്ത്രിയുടെ പിആര്‍ വര്‍ക്കുകളൊന്നും സ്‌പീക്കറുടെ മുന്നില്‍ ചെലവാകുന്നില്ലെന്നും വിമര്‍ശിച്ചു.
ഈ വിമര്‍ശനത്തെ നേരിടാന്‍ രണ്ടു മന്ത്രിമാരെയാണ് സിപിഎം രംഗത്തിറക്കിയത്, മുഹമ്മദ് റിയാസിനെയും പി രാജീവിനെയും. ബ്രഹ്മപുരം പ്രശ്‌നത്തില്‍ 13 ദിവസത്തിനു ശേഷം മുഖ്യമന്ത്രി ഇന്ന് സഭയില്‍ പ്രത്യേക പ്രസ്‌താവന നടത്തിയതിനെ ആകാശവാണി എന്നാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. ചോദ്യങ്ങളെ മുഖ്യമന്ത്രി ഭയപ്പെടുകയാണെന്നും എന്തിനാണ് വെറും 41 പേര്‍ മാത്രമുള്ള പ്രതിപക്ഷത്തെ ഭയപ്പെടുന്നതെന്നും പ്രതിപക്ഷം ചോദിക്കുന്നു. ഏതായാലും ഇന്നത്തേതിനു സമാനമാകുമോ നാളെ സഭാതലം എന്ന് കണ്ടറിയണം. നാളെ പ്രതിപക്ഷം അടിയന്തര നോട്ടിസ് കൊണ്ടുവരും എന്നുറപ്പാണ്. അതും മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയമാണെങ്കില്‍ സംശയമില്ല. നാളെയും സഭയില്‍ കാറും കോളും നിറയുമെന്നുറപ്പാണ്.