തിരുവനന്തപുരം:വോട്ടര്‍ ഐഡി ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചപ്പോള്‍ സംസ്ഥാനത്ത് വോട്ടര്‍പട്ടികയില്‍ നിന്നും 5.69 ലക്ഷം പേര്‍ പുറത്ത്. ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ ആധാര്‍ നമ്പര്‍ ശേഖരിച്ച് ഇരട്ടിച്ച പേരുകള്‍ നീക്കം ചെയ്യല്‍ യജ്ഞം തുടങ്ങിയ ശേഷം വന്ന ലിസ്റ്റിലാണ് സമ്മതിദായകരുടെ എണ്ണം കുറഞ്ഞത്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്‌ജയ് കൗളിന്‍റെ നിര്‍ദേശപ്രകാരം വോട്ടര്‍ പട്ടിക പുതുക്കലിനായി തീവ്രയജ്ഞമാണ് സംസ്ഥാനത്ത് നടന്നത്.
ഇതിനായി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് മരിച്ചവരുടേതുള്‍പ്പടെ പുതിയ വിവരം ശേഖരിച്ചത്. അഞ്ച് ലക്ഷത്തിലധികം പേര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത് വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചുവെന്നതിന് തെളിവാണെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
2022 ജനുവരി പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ 2,73,65,345 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. ശേഷം ഇരട്ടിച്ചവരുടെയും സ്ഥലം മാറിപ്പോയവരുടെയും മരണപ്പെട്ടവരുടെയും പേരുകൾ നീക്കം ചെയ്‌ത പുതുക്കിയ പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ ആകെ വോട്ടർമാർ 2, 67,95,581 എന്നതിലേക്ക് ചുരുങ്ങുകയായിരുന്നു. നിലവിൽ ആകെ വോട്ടർമാരിൽ സ്ത്രീകൾ 1,38,26,149 പേരും , പുരുഷൻമാർ 1,29,69,158, ട്രാൻസ്‌ജെൻഡർ 274, പ്രവാസി വോട്ടർമാർ 87,946 ആണ്.