തിരുവനന്തപുരം: 2023ല്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളില്‍ ഒന്നായി കേരളത്തെ തെരഞ്ഞെടുത്ത് ന്യൂയോര്‍ക്ക് ടൈംസ്. പട്ടികയില്‍ 13ാമതായാണ് സംസ്ഥാനത്തെ ഉള്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിന്നും കേരളമാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഏക സംസ്ഥാനം.
മനോഹരമായ കടല്‍ത്തീരങ്ങള്‍, കായലുകള്‍, പാചകരീതികൾ, സമ്പന്നമായ സാംസ്‌കാരിക തനിമ എന്നിവയാല്‍ വേറിട്ടുനില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. കുമരകവും മറവൻതുരുത്തും ഉൾപ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഉത്തരവാദിത്ത ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചും പരാമർശമുണ്ട്.
ലണ്ടനാണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമത് ജപ്പാനിലെ മോറിയോക്ക, മൂന്നാമത് അമേരിക്കയിലെ മോണ്യൂമെന്‍റ് വാലി, നാലാമത് നവാജോ ട്രൈബൽ പാർക്ക്. സ്‌കോട്ട്‌ലൻഡിലെ കിൽമാർട്ടിൻ ഗ്ലെൻ, ന്യൂസിലന്‍ഡിലെ ഓക്ക്‌ലൻഡ്, കാലിഫോർണിയയിലെ പാം സ്പ്രിങ്‌സ്, ഓസ്‌ട്രേലിയയിലെ കംഗാരു ദ്വീപ്, അൽബേനിയയിലെ വ്‌ജോസ നദി, ഘാനയിലെ അക്ര, നോർവേയിലെ ട്രോംസോ, ബ്രസീലിലെ ലെനിസ് മാരൻഹെൻസസ് നാഷണൽ പാർക്ക് എന്നീ ടൂറിസം കേന്ദ്രങ്ങളാണ് കേരളത്തിന്‍റെ തൊട്ടുമുന്‍പിലായുള്ള സ്ഥലങ്ങള്‍.
കേരളത്തിന് പ്രചോദനമെന്ന് മുഖ്യമന്ത്രി:കമ്യൂണിറ്റി ടൂറിസത്തോടുള്ള സമീപനത്തിനുള്ള അംഗീകാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റില്‍ കുറിച്ചു. '2023ൽ സന്ദർശിക്കേണ്ട 52 സ്ഥലങ്ങളിൽ ഒന്നായി ന്യൂയോര്‍ക്ക് ടൈംസ് കേരളത്തെ തെരഞ്ഞെടുത്തു. കമ്യൂണിറ്റി ടൂറിസത്തോടുള്ള ഞങ്ങളുടെ മാതൃകാപരമായ സമീപനം, കേരളത്തിന്‍റെ സമ്പന്നമായ സംസ്‌കാരവും അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും ആസ്വദിക്കാൻ സഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്നു. കേരള ടൂറിസത്തിന് പ്രചോദനമേകുന്ന മറ്റൊരു നേട്ടമാണിത്' - മുഖ്യമന്ത്രി കുറിച്ചു.
ഇത് അഭിമാനകരമായ നേട്ടമാണെന്നും കേരള സര്‍ക്കാരിന്‍റെ ജനകീയ ടൂറിസം നയത്തിന് ജനങ്ങള്‍ നല്‍കി വരുന്ന പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നുണ്ടെന്നും ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.