തിരുവനന്തപുരം: ഇസ്രായേലിൽ വച്ച് കാണാതായ കർഷകനെ കണ്ടുപിടിക്കാതെ കർഷകസംഘം നാട്ടിലേക്ക് തിരിച്ചു. സംസ്ഥാന കൃഷി വകുപ്പ്, ഇസ്രയേലിൽ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച 27 കർഷകരിൽ ഒരാളായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യനെയാണ് (48) ഇസ്രായേൽ ഹെർസ് ലിയയിലെ ഹോട്ടലിൽ നിന്ന് വെള്ളിയാഴ്‌ച രാത്രി കാണാതായത്.
രാത്രി ഭക്ഷണം ക്രമീകരിച്ചിരുന്ന ഹോട്ടലിലേക്കു പുറപ്പെടാനായി കാത്തുനിന്ന ബസിന് അരികിലെത്തിയ ബിജു കുര്യൻ വാഹനത്തിൽ കയറിയില്ല. തുടർന്ന് കാണാതാവുകയായിരുന്നു. കയ്യിൽ ഉണ്ടായിരുന്ന ഹാൻഡ് ബാഗിൽ
പാസ്പോർട്ട് ഉണ്ടെന്നു സംശയിക്കുന്നതായി സംഘത്തിലുള്ള മറ്റുള്ളവർ പറഞ്ഞു.
വിവരം അപ്പോൾ തന്നെ ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചിരുന്നു. തുടർന്ന് ഇസ്രായേൽ പൊലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രദേശത്തെ ആശുപത്രികളിലും മാളുകളിലും നിരീക്ഷിച്ചെങ്കിലും ആളെക്കുറിച്ച് വിവരം ലഭിച്ചില്ലെന്ന് സംഘത്തെ നയിക്കുന്ന കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി അശോക് അറിയിച്ചു. കാണാതായ ദിവസം രാത്രി തന്നെ സംസ്ഥാനത്തെ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിരുന്നു.