തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയിൽ (Electricity Crisis) എന്ത് നടപടിയെടുക്കണമെന്ന തീരുമാനം മുഖ്യമന്ത്രിക്ക് (Chief Minister) വിട്ട് വൈദ്യുതി വകുപ്പ്. ലോഡ് ഷെഡ്ഡിങ് വേണോ അല്ലെങ്കില്‍ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങണോ എന്ന കാര്യം മുഖ്യമന്ത്രി തീരുമാനിക്കും. ഇതിനായി ഓഗസ്റ്റ് 25ന് വൈദ്യുത മന്ത്രി കെ കൃഷ്‌ണൻ കുട്ടിയും (Electricity Minister K Krishnankutty) മുഖ്യമന്ത്രി പിണറായി വിജയനും (CM Pinarayi Vijayan) ചർച്ച നടത്തും.
ഇരുവരുടെയും കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമായിരിക്കും വിഷയത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് (ഓഗസ്റ്റ് 21) ചേർന്ന ഉന്നത തല യോഗത്തിലാണ് (High Level Meeting) തീരുമാനം. ലോഡ് ഷെഡ്ഡിങ്ങും വൈദ്യുതി ചാർജ് വർധനയും അടക്കം കടുത്ത തീരുമാനങ്ങൾ വേണ്ടി വരുമെന്നാണ് വൈദ്യുതി മന്ത്രി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഉപതെരഞ്ഞെടുപ്പും (Byelection) ഓണക്കാലവും (Onam Season) ആയതിനാൽ ലോഡ് ഷെഡ്ഡിങ്ങിന് സാധ്യതയുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.
കർക്കടകം കഴിഞ്ഞിട്ടും കാര്യമായ മഴ ലഭിക്കാത്തതാണ് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാവാൻ പ്രധാന കാരണം. ഇതിനിടയിൽ മൂന്ന് കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള കരാർ റദ്ദായതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. നിലവിൽ പ്രതിദിനം 10 കോടിയോളം രൂപ നഷ്‌ടത്തിലാണ് കെഎസ്ഇബി (KSEB) പ്രവർത്തിക്കുന്നത്.