കേരളം

kerala

ETV Bharat / state

കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ ആറിന്; വോട്ടെണ്ണല്‍ മെയ് രണ്ടിന് - kerala assembly election

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി

തെരഞ്ഞെടുപ്പിന് ഒരുങ്ങി കേരളം  Kerala Elections
തെരഞ്ഞെടുപ്പിന് ഒരുങ്ങി കേരളം

By

Published : Feb 26, 2021, 5:29 PM IST

Updated : Feb 27, 2021, 6:10 AM IST

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് തീയതിയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചു. ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വന്നു. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് വോട്ടെണ്ണൽ. മാര്‍ച്ച് 12 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 20 നാണ് സൂക്ഷ്‌മ പരിശോധന. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 വരെയാണ്. ഓണ്‍ലൈനായും പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പണ സമയം സ്ഥാനാര്‍ഥികളുടെ കൂടെ രണ്ട് പേര്‍ക്ക് മാത്രം അനുമതി. വീടുകള്‍ കയറിയുള്ള പ്രചാരണത്തിന് അഞ്ച്‌ പേര്‍ക്ക്‌ മാത്രം അനുമതി.

ഡല്‍ഹി വിഗ്യാൻ ഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറയാണ് തീയതികൾ പ്രഖ്യാപിച്ചത്. വിഷു, ബിഹു, ഹോളി, ദുഃഖവെള്ളി, റമദാൻ, ഈസ്റ്റര്‍ എന്നിവയും പരീക്ഷകളും കണക്കിലെടുത്താണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകൻ ദീപക് മിശ്ര ഐപിഎസാണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ട്‌ ദിവസത്തിൽ തീരുമാനിക്കും. പുഷ്പേന്ദ്ര കുമാർ പുനിയ കേരളത്തിൽ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാർഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.

സംസ്ഥാനത്ത് 40,771 പോളിങ്‌ ബൂത്തുകളാണുള്ളത്. ബൂത്തുകളുടെ എണ്ണത്തിൽ 89.65 ശതമാനം വർധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടർമാരുള്ളതിൽ 57,9033 പുതിയ വോട്ടർമാരുണ്ട്. 221 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടർ പട്ടികയുടെ അന്തിമ കണക്കിൽ ഇനിയും വോട്ടർമാർ കൂടിയേക്കും. പോളിങ്‌ സമയം ഒരു മണിക്കൂര്‍ വരെ നീട്ടാം. രാവിലെ ഏഴ്‌ മണി മുതല്‍ വൈകുന്നേരം ആറ്‌ മണി വരെയാണ്‌ പോളിങ്‌ സമയം.

ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെയേ അനുവദിക്കൂ. പോളിങ്‌ ബൂത്തുകളിൽ കൊവിഡ് പ്രോട്ടോക്കോൾ നിർബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാൻ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികൾക്കും 80 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും പോസ്റ്റൽ വോട്ടിന് അനുമതിയുണ്ട്. 150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസറോട് സംസ്ഥാന ഇലക്ഷൻ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിൽ കേന്ദ്ര സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിൽ കൂടുതൽ ജാഗ്രത പുലത്തുമെന്നും തെരഞ്ഞെടുപ്പ് ക്രമക്കേട്‌ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നതിന് ജനങ്ങള്‍ക്ക് സീ-വിജില്‍ എന്ന ആപ്പും ഉപയോഗിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു. തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.

കേരളത്തിന് പുറമേ അസം, തമിഴ്‌ നാട്‌, പശ്ചിമ ബംഗാള്‍, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Last Updated : Feb 27, 2021, 6:10 AM IST

ABOUT THE AUTHOR

...view details