കേരളം

kerala

ETV Bharat / state

വിധിയെഴുതാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക് - മൂന്നാം ഘട്ടം

ഇന്ന് ജനവിധി തേടുന്നത് 227 സ്ഥാനാര്‍ഥികള്‍. സംസ്ഥാനത്ത് എല്ലായിടത്തും വിവിപാറ്റ് ഉപയോഗിക്കുന്ന ആദ്യത്തെ തെരഞ്ഞെടുപ്പ്.

വിധിയെഴുതാൻ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്

By

Published : Apr 23, 2019, 6:05 AM IST

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിധിയെഴുതാൻ ഒരുങ്ങി കേരളം. സംസ്ഥാനത്തെ 2,61,51,534 വോട്ടര്‍മാര്‍ പോളിങ് ബൂത്തിലെത്തുമ്പോള്‍ ജനവിധി കാത്തിരിക്കുന്നത് 227 സ്ഥാനാര്‍ഥികള്‍. 20 മണ്ഡലങ്ങളിലെയും നിശബ്ദപ്രചാരണം ഇന്നലെ അവസാനിച്ചു. പോളിങ് സാമഗ്രികകളുടെ വിതരണവും പൂര്‍ത്തിയായിരുന്നു. ഏഴ് ഘട്ടങ്ങളായി രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മൂന്നം ഘട്ടത്തിലാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെ വോട്ട് രേഖപ്പെടുത്താം.

ഹരിത ചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പ് ആയതിനാല്‍ ബൂത്തുകളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പാടില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുണി സഞ്ചിയിലാണ് ഇക്കുറി വോട്ടിങ് രേഖകളെല്ലാം ഉദ്യോഗസ്ഥർക്ക് കൈമാറിയത്. തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം ഉണ്ടാക്കാൻ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശവുമുണ്ട്.

വോട്ടർ ഐഡി കാർഡ് ഇല്ലാത്തവർക്ക് ഇലക്ഷൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് വോട്ട് ചെയ്യാം. അതേസമയം വോട്ടർപട്ടികയിൽ പേര് ഇല്ലാത്തവർക്ക് വോട്ട് ചെയ്യാൻ കഴിയില്ല.

24,970 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. 1,34,66,521 സ്ത്രീ വോട്ടര്‍മാരും 1,26,84,839 പുരുഷ വോട്ടര്‍മാരുമുണ്ട്. 174 ട്രാൻസ്ജെൻഡര്‍ വോട്ടര്‍മാര്‍ ഇത്തവണ വോട്ട് ചെയ്യും. സംസ്ഥാനത്ത് എല്ലായിടത്തും വിവിപാറ്റ് മെഷീൻ ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്. വിവിപാറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും വോട്ട് രേഖപ്പെടുത്താൻ കൂടുതൽ സമയം വേണ്ടിവരില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ സഹായത്തോടെ കണ്ടെത്തിയ പ്രശ്നസാധ്യതയുള്ള 272 സ്ഥലങ്ങളിലും മാവോയിസ്റ്റ് ഭീഷണിയുള്ള 162 സ്ഥലങ്ങളിലും 245 ബൂത്തുകളിലും കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കും. 57 കമ്പനി കേന്ദ്രസേനയാണ് സംസ്ഥാനത്ത് സുരക്ഷ ഒരുക്കുന്നത്.

ABOUT THE AUTHOR

...view details