കേരള നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയപാർട്ടികൾ മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മിഷനും ഒരുങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്ന കമ്മിഷൻ ഉന്നത ഉദ്യോഗസ്ഥർക്ക് ചുമതലകൾ നല്‍കി. കേരളത്തിന്‍റെ ചില മേഖലകളില്‍ നടക്കുന്ന കള്ളവോട്ടിന് എതിരെയും ഇത്തവണ നടപടി ശക്തമാകും. ഉദ്യോഗസ്ഥർ കള്ളവോട്ടിന് കൂട്ടു നിന്നാല്‍ നടപടിയുണ്ടാകുമെന്ന് ഓർമിപ്പിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ രംഗത്ത് എത്തി. പക്ഷപാതപരമായി ഉദ്യോഗസ്ഥർ പെരുമാറിയാല്‍ സസ്‌പെൻഡ് ചെയ്യുമെന്നും പ്രോസിക്യൂഷൻ നടപടികൾ ഉണ്ടാകുമെന്നും മീണ അറിയിച്ചു. പോസ്റ്റല്‍ ബാലറ്റ് കൊണ്ടുപോകുന്ന സംഘത്തില്‍ വീഡിയോഗ്രാഫറും സുരക്ഷാ ഉദ്യോഗസ്ഥരുമുണ്ടാകുമെന്നും മീണ അറിയിച്ചു.
സമരം.. വിവാദം.. വോട്ട്.. പിന്നെ കേരളം - salim kumar
തെരഞ്ഞെടുപ്പ് ദിനങ്ങളിലേക്ക് അടുക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയുന്തോറും കേരളത്തില്‍ വിവാദങ്ങൾ കൂടിവരികയാണ്. പിഎസ്‌സി, പിൻവാതില്‍ നിയമനം, റാങ്ക് ഹോൾഡേഴ്‌സിന്‍റെ സമരം എന്നിവയില്‍ നിന്ന് അന്താരാഷ്ട്ര ചലച്ചിത്രമേള വരെ വിവാദങ്ങൾ എത്തി നില്‍ക്കുകയാണ്
തെരഞ്ഞെടുപ്പ് ദിനങ്ങളിലേക്ക് അടുക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയുന്തോറും കേരളത്തില്‍ വിവാദങ്ങൾ കൂടിവരികയാണ്. പിഎസ്‌സി, പിൻവാതില്‍ നിയമനം, റാങ്ക് ഹോൾഡേഴ്‌സിന്‍റെ സമരം എന്നിവയില്‍ നിന്ന് അന്താരാഷ്ട്ര ചലച്ചിത്രമേള വരെ വിവാദങ്ങൾ എത്തി നില്‍ക്കുകയാണ്. രാഷ്ട്രീയ പക്ഷപാതിത്വത്തിന്‍റെ പേരില്‍ നടനും ദേശീയ അവാർഡ് ജേതാവുമായ സലിംകുമാറിനെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കൊച്ചിയിലെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്നാണ് ഒടുവില്‍ ഉയർന്ന ആരോപണം. ഇതേ തുടർന്ന് യുഡിഎഫ് ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നിന്നു. പിഎസ്‌സി നിയമനക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയും ഇന്നും നേരിട്ടെത്തി മറുപടി പറഞ്ഞെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് ഉദ്യോഗാർഥികൾ. വിവാദങ്ങൾക്ക് കാരണമായ കൂട്ട സ്ഥിരപ്പെടുത്തല്‍ എന്ന പരിപാടി നിർത്തിവെയ്ക്കാനും സർക്കാർ തീരുമാനിച്ചു. സ്ഥിരപ്പെടുത്തല്‍ നിർത്തിവെച്ചെങ്കിലും താല്‍ക്കാലികക്കാരെ കൈവിടില്ലെന്നും വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തും എന്നും മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കി. എന്തായാലും സമരം കൂടുതല്‍ ശക്തമാക്കാൻ തന്നെയാണ് ഉദ്യോഗാർഥികളുടെ തീരുമാനം. അതിന് കൂട്ടായി യൂത്ത് കോൺഗ്രസ് നേതാക്കളുടെ സമരവും സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്നുണ്ട്. ഒപ്പം ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസവും ഉദ്യോഗാർഥികൾക്കായി നടത്തുന്നുണ്ട്. തന്‍റെ സമരത്തിന് ബിജെപി നേതൃത്വത്തിന്‍റെ പിന്തുണയുണ്ടെന്നും ശോഭ പറഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് ശോഭ സുരേന്ദ്രൻ ബിജെപി സമര വേദിയില്‍ വീണ്ടും സജീവമാകുന്നത്.
കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്താൻ യുഡിഎഫും നിയമസഭയില്‍ 71 എന്ന മാന്ത്രിക സംഖ്യ തികയ്ക്കാൻ ബിജെപിയും അണിയറയില്‍ തന്ത്രങ്ങൾ ആവിഷ്‌കരിച്ചു കഴിഞ്ഞതായാണ് വിവരം. മത്സരിക്കുന്ന മണ്ഡലങ്ങളില്‍ ജനസമ്മതരായ സ്ഥാനാർഥികളെ കണ്ടെത്തി മത്സരിപ്പിക്കാൻ കോൺഗ്രസിനും ബിജെപിക്കും അവരുടെ കേന്ദ്ര നേതൃത്വം നിർദ്ദേശം നല്‍കിയിട്ടുണ്ട്. സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും സർവേ അടക്കമുള്ള കാര്യങ്ങൾ ബിജെപിയും കോൺഗ്രസും നടത്തുണ്ട്. സിപിഎമ്മും സിപിഐയും സ്ഥാനാർഥികളാകേണ്ടവരുടെ പേരുകൾ നിർദ്ദേശിക്കാൻ അതത് ഘടകങ്ങൾക്ക് നിർദ്ദേശം നല്‍കി. മുസ്ലീംലീഗ് സ്ഥാനാർഥി നിർണയത്തിനായി സംസ്ഥാന അധ്യക്ഷനെയും ചുമതലപ്പെടുത്തി. അതോടൊപ്പം യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കാൻ ശശി തരൂർ എംപി നടത്തുന്ന സംസ്ഥാന പര്യടനം തുടരുകയാണ്. ക്രൈസ്‌തവ സഭകളെ കൂടി വിശ്വാസത്തിലെടുക്കുന്ന രീതിയില്‍ പ്രകടന പത്രിക തയ്യാറാക്കാനാണ് ബിജെപിയും തീരുമാനിച്ചിട്ടുള്ളത്. ഇനി വരാനുള്ളത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനമാണ്. രാഷ്ട്രീയ പാർട്ടികൾ അതിനായി കാത്തിരിക്കുകയാണ്.