ന്യൂഡൽഹി:ആം ആദ്‌മി സര്‍ക്കാറിന്‍റെ വിദ്യഭ്യാസ നയത്തെ കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ നിന്നും തന്‍റെ അറിവോടെ ആരെയും വിട്ടിട്ടില്ലെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ നയത്തെ കുറിച്ച് പഠിക്കാന്‍ ചിലര്‍ സംസ്ഥാനത്ത് എത്തിയതായി കാണിച്ച് ഡല്‍ഹി എഎപി എംഎൽഎ അതിഷിയുടെ പോസ്റ്റിന് മുറപടിയായാണ് മന്ത്രിയുടെ പോസ്റ്റ്. കേരളത്തില്‍ നിന്നും ഇത്തരത്തില്‍ ആരേയും ഡല്‍ഹിക്ക് അയച്ചിട്ടില്ലെന്ന് ശിവന്‍ കുട്ടി ട്വീറ്റിന് മറുപടി നല്‍കി.
ആപ്പിനാരോ ആപ്പ് വച്ചെന്നാണ് വി ശിവന്‍കുട്ടി ഈ വിഷയത്തില്‍ പ്രതികരിച്ചത്. മാത്രമല്ല കേരള മോഡല്‍ പഠിക്കാന്‍ ഡല്‍ഹിയില്‍ നിന്ന് ചിലര്‍ എത്തിയിരുന്നു. ഇവര്‍ക്ക് കേരളം എല്ലാ സാഹയവും ചെയ്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എതൊക്കെ ഉദ്യോഗസ്ഥരാണ് എത്തിയതെന്ന് അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം ചോദിച്ചു.
വസ്തുതാപരമായ തെറ്റ് തിരുത്തുന്നതായും കേരളത്തില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥര്‍ ഡല്‍ഹിയിലെ വിദ്യാഭ്യാസ ഓഫീസില്‍ എത്തിയിരുന്നതായും അഷിതി മറുപടി നല്‍കി. ഇക്കാര്യം മന്ത്രി അറിയാതിരുന്നതില്‍ ഖേദം രേഖപ്പെടുത്തുന്നതായും അവര്‍ ട്വീറ്റില്‍ പറഞ്ഞു. സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ മേഖലാ സെക്രട്ടറി വിക്ടർ ടി.ഐ, കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്സസിൽ നിന്ന് ഡോ. എം. ദിനേശ് ബാബുവുമാണ് എത്തിയതെന്നാണ് ഡല്‍ഹി സര്‍ക്കാറിന്‍റെ മറുപടി. ലോകോത്തര നിലവാരമുള്ള ഡല്‍ഹി മോഡല്‍ ഇന്നല്ലെങ്കില്‍ നാളെ കേരളവും അംഗീകരിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെ പ്രതികരണ ട്വീറ്റ്, കൃത്യമായി വായിക്കാതെയാണെന്ന് ഡയറക്ടറുടെ പ്രിൻസിപ്പൽ അഡ്വൈസർ ശൈലേന്ദ്ര ശർമ പ്രതികരിച്ചു. ഇതില്‍ ആരൊക്കെ വന്നും എന്ന് കൃത്യമായി തങ്ങള്‍ പറഞ്ഞിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. കണക്‌ട് ക്ലാസ് റൂം, എസ്‌ടിഇഎം സിസ്റ്റം എന്നിവയെ കുറിച്ച് അറിയാന്‍ കൂടുതല്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് ഉദ്യോഗസ്ഥര്‍ നല്‍കിയ കത്തിന്‍റെ പകര്‍പ്പും ഡല്‍ഹിയിലെ വിദ്യഭ്യാസവകുപ്പ് പുറത്ത് വിട്ടു. ഡല്‍ഹിയിലെ പഠന രീതികള്‍ ലോകോത്തര നിലവാരത്തില്‍ ഉള്ളതാണെന്നും ഇത് നടപ്പിലാക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്ന് കേരളത്തില്‍ നിന്നെത്തിയവര്‍ പറഞ്ഞതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.