കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ആശുപത്രികള്‍ ഇന്ന് സ്തംഭിക്കും; ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു - സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ പണിമുടക്ക്

സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്

Doctors strike begins from 6clock
Doctors strike begins from 6clock

By

Published : Mar 17, 2023, 7:29 AM IST

Updated : Mar 17, 2023, 8:03 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളും സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളും സമരത്തില്‍ പങ്കെടുക്കുന്നു. എന്നാല്‍ അത്യാഹിത വിഭാഗം, ലേബര്‍ റൂം സേവനങ്ങളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് (ഐഎംഎ) സമരത്തിന് നേതൃത്വം നല്‍കുന്നത്.

ആരോഗ്യ സംഘടനകളുടെ പിന്തുണ: ഡോക്ടര്‍മാരുടെ സമരത്തിന് ആരോഗ്യ മേഖലയിലെ വിവിധ സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. കെജിഎംഒഎ (സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ സംഘടന), കെജിഎംസിടിഎ (മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ സംഘടന), പോസ്റ്റ് ഗ്രാജുവേറ്റീവ് സ്റ്റുഡന്‍സ് അസോസിയേഷന്‍, ക്യുപിഎംപിഎ, കെജിഐഎംഒഎ എന്നിവരെ കൂടാതെ മുപ്പതോളം സംഘടനകള്‍ പിന്തുണ അറിയിച്ചിട്ടുണ്ടെന്നാണ് സംയുക്ത സമരസമിതി നേതാക്കള്‍ അവകാശപ്പെടുന്നത്. സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളുടെയും സേവനങ്ങള്‍ ഇന്ന് തടസപ്പെട്ടേക്കാം. സമരത്തിന്‍റെ ഭാഗമായി ഡോക്ടര്‍മാര്‍ ഒപിയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. എന്നാല്‍ അടിയന്തര ശസ്ത്രക്രിയക്ക് തടസമുണ്ടാവില്ലെന്ന് കെജിഎംസിടിഎ അറിയിച്ചു.

സമരക്കാര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യങ്ങള്‍:

1. ആശുപത്രികളെ സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കണം.

2. അക്രമങ്ങള്‍ക്കെതിരെയുള്ള ഹൈക്കോടതി നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

3. കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ അതിക്രമം ഉണ്ടായപ്പോള്‍ പ്രതികള്‍ രക്ഷപ്പെട്ട സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുക

4. പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ എടുത്ത നടപടികള്‍ പിൻവലിക്കുക

പ്രതിഷേധ ധര്‍ണ: ഇന്ന് പണിമുടക്കുന്ന ഡോക്ടര്‍മാര്‍ തിരുവനന്തപുരം ആനയറയിലെ ഐഎംഎ ആസ്ഥാനത്ത് ധര്‍ണയിരിക്കും. രാവിലെ 10.30ന് നടക്കുന്ന പരിപാടി ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുള്‍ഫി ഉദ്ഘാടനം ചെയ്യും. ജില്ല കേന്ദ്രങ്ങളിലും ധര്‍ണ നടത്തുമെന്ന് ഐഎംഎ അറിയിച്ചു. ഡോക്ടര്‍മാരുടെയും കുറവാണ് പലപ്പോഴും സംഘര്‍ഷാവസ്ഥയ്ക്ക് കാരണമാവുന്നതെന്ന് പണിമുടക്കിന് പിന്തുണയറിയിച്ച് കെജിഎംസിടിഎ (മെഡിക്കല്‍ കോളജ് അധ്യാപക സംഘടന) പറഞ്ഞു.

ഫാത്തിമ ആശുപത്രിയിലെ സംഭവം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ പികെ അശോകനെ ഫെബ്രുവരി 5ന് രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ആക്രമണത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് ആരോപണം. ഹൃദ്രോഗ വിഭാഗം ഡോക്ടറാണ് അശോകൻ.

ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ക്ക് നേരെ നടന്നത് കൊലപാതക ശ്രമമെന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആരോപിക്കുന്നത്. 5 ദിവസത്തില്‍ ഒന്ന് എന്ന അടിസ്ഥാനത്തിലാണ് ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം നടക്കുന്നതെന്നാണ് സംഘടന പറയുന്നത്.

കഴിഞ്ഞ 3 വര്‍ഷങ്ങള്‍ക്കിടയില്‍ 200ലേറെ ആശുപത്രി അക്രമങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎ ആരോപിക്കുന്നു. എന്നാല്‍ ഒന്നിലും കാര്യമായ നടപടി ഉണ്ടായിട്ടില്ല. ഈ രീതിയില്‍ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുള്‍ഫി നൂഹ്, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ പറയുന്നത്.

Also Read:- ഇന്ന് ലോക ഉറക്ക ദിനം: ആരോഗ്യമുള്ള ജീവിതത്തിന് ഉറക്കം അനിവാര്യം

Last Updated : Mar 17, 2023, 8:03 AM IST

ABOUT THE AUTHOR

...view details