തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബിക്കെതിരെ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. ചില സ്‍മാർട്ട് ഉദ്യോഗസ്ഥർ പ്രതിസന്ധി സൃഷ്‌ടിക്കാനാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 മത്സരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വൈദ്യുതി വിച്ഛേദിച്ചതെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായർ പറഞ്ഞു. അതേസമയം ഈ മാസം 30 ന് കുടിശിക മുഴുവൻ അടയ്ക്കാമെന്ന് ഉറപ്പ് നൽകിയതോടെ ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതി കണക്ഷൻ ഇലക്‌ട്രിസിറ്റി ബോര്‍ഡ് ഇന്ന് പുനഃസ്ഥാപിച്ചു.
'ഫ്യൂസ് ഊരിയത് ചില സ്‌മാര്‍ട്ട് ഉദ്യോഗസ്ഥര്‍'; വൈദ്യുതി ബന്ധം വിച്ഛേദിച്ച നടപടിയില്‍ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ - ദക്ഷിണാഫ്രിക്ക
കുടിശിക അടയ്‌ക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച കെഎസ്ഇബി നടപടിയില്‍ രൂക്ഷ വിമർശനവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ
സംഭവം ദേശീയ തലത്തിൽ നാണക്കേടുണ്ടാക്കി. വെദ്യുതി ബിൽ കുടിശികയായെങ്കിൽ കെഎസ്ഇബി നേരത്തെ നടപടി എടുക്കണമായിരുന്നുവെന്ന് ശ്രീജിത്ത് വി നായർ പറഞ്ഞു. കുടിശിക അടയ്‌ക്കാത്തതിനെ തുടർന്ന് കഴിഞ്ഞ 13നാണ് കെഎസ്‌ഇബി ജീവനക്കാരെത്തി സ്‌റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചത്. കഴിഞ്ഞ മൂന്ന് വർഷത്തെ കുടിശിക ഇനത്തിൽ 2,36,00,000 രൂപയാണ് സ്‌റ്റേഡിയത്തിന്‍റെ നടത്തിപ്പുകാരായ കാര്യവട്ടം സ്‌പോർട്‌സ് ഫെസിലിറ്റിസ് ലിമിറ്റഡ് കെഎസ്‌ഇബിക്ക് നൽകാനുള്ളത്.
ജല അതോറിറ്റിക്കും സ്‌റ്റേഡിയം നടത്തിപ്പുകാര്‍ കുടിശിക ഇനത്തിൽ വൻ തുക നൽകാനുണ്ട്. അടയ്‌ക്കാത്ത പക്ഷം ജലവിതരണവും ഉടൻ മുടങ്ങാനാണ് സാധ്യത. ഇതിന് പുറമെ നഗരസഭയ്‌ക്ക് നികുതി ഇനത്തിൽ 2,85,00,000 രൂപയും അടയ്‌ക്കാനുണ്ട്.