തിരുവനന്തപുരം :സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്. 19,848 സജീവ കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. 2287 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ 3 ദിവസങ്ങളിലായി രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പത്തിനടുത്താണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ടിപിആറാണിത്. രാജ്യത്തെ കഴിഞ്ഞ 24 മണിക്കൂറിലെ ടിപിആര്‍ 8.04 ആണ്.
രാജ്യത്താകെ 9,111 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 2287 കേസുകളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇന്നലെ ഞായറാഴ്‌ച അവധി ദിവസമായതിനാൽ പരിശോധനകള്‍ കുറവാണ് നടന്നത്. എന്നിട്ടും പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത് കേരളത്തിലെ കൊവിഡ് വ്യാപനത്തിന്‍റെ രൂക്ഷത വ്യക്തമാക്കുന്നതാണ്.
367 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തി നേടിയിട്ടുണ്ട്. 4 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഈസ്റ്റര്‍, വിഷു ആഘോഷങ്ങള്‍ക്ക് പിന്നാലെ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയാവുകയാണ്. പകര്‍ച്ച പനിയും സംസ്ഥാനത്ത് വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ALSO READ :രാജ്യത്ത് കൊവിഡ് ഉയരുന്നു ; 24 മണിക്കൂറിനിടെ പുതുതായി സ്ഥിരീകരിച്ചത് 4,624 പേര്‍ക്ക്
കൊവിഡിന്‍റെ എക്‌സ്ബിബി 1.16 വകഭേദമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. അതിതീവ്രവ്യാപനമാണ് ഈ വകഭേദത്തിന്‍റെ പ്രത്യേകത. അതിനാല്‍ വരും ദിവസങ്ങളിലും കൊവിഡ് കേസുകള്‍ ഇനിയും ഉയരും. രോഗതീവ്രത വര്‍ധിക്കില്ല എന്നതാണ് ഈ വകഭേദത്തിന്‍റെ വ്യാപനത്തിലും ആശ്വാസകരമാകുന്നത്. എന്നാല്‍ മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും പ്രായമായവര്‍ക്കും കൊവിഡ് അപകടകരമാകാം. അതിനാലാണ് ഈ വിഭാഗത്തിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്.