തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 78 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 1303 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 32 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 36 പേര്‍ വിദേശത്ത് നിന്ന് വന്നവരും 31 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്. തൃശൂര്‍ ജില്ലയിലെ ഏഴ് പേര്‍ക്കും മലപ്പുറം ജില്ലയിലെ മൂന്ന് പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേർക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ട് ജില്ലകളിലും 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ആലപ്പുഴയില്‍ 13, പത്തനംതിട്ടയില്‍ ഏഴ്, എറണാകുളം, പാലക്കാട് ജില്ലകളില്‍ അഞ്ച്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളില്‍ നാല്, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ മൂന്ന്, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 32 പേരുടെ പരിശോധന ഫലം നെഗറ്റീവായി. കൊല്ലം ജില്ലയില്‍ നിന്നുള്ള ഏഴ് പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള ആറ് പേരുടെയും, ഇടുക്കി, എറണാകുളം (ഒരു തിരുവനന്തപുരം സ്വദേശി), തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള നാല് പേരുടെ വീതവും, കോഴിക്കോട്, കണ്ണൂര്‍ (ഒരു കാസര്‍ഗോഡ് സ്വദേശി) ജില്ലകളില്‍ നിന്നുള്ള രണ്ട് പേരുടെയും തിരുവനന്തപുരം, കോട്ടയം, കാസർകോട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതുവരെ 999 പേര്‍ കോവിഡ് മുക്തരായി.