സംസ്ഥാനത്ത് 151 പേർക്ക് കൂടി കൊവിഡ് - കൊവിഡ് വാർത്തകൾ
17:55 July 01
131 പേർക്ക് രോഗമുക്തി. നിലവില്‍ 2130 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 131 പേർക്ക് രോഗമുക്തി. തുടർച്ചയായ പതിമൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നൂറിന് മുകളില്‍ എത്തുന്നത്. ഇതുവരെ സംസ്ഥാനത്ത് 4593 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2130 രോഗികളാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേർ വിദേശത്ത് നിന്നും 51 പേർ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 13 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. എറണാകുളം ജില്ലയിലെ ഏഴ് പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ മൂന്ന് പേര്‍ക്കും, ആലപ്പുഴ, കണ്ണൂര്‍, കാസർകോട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ആളുകൾ എത്തിയതോടെ കേരളത്തില്‍ രോഗികളുടെ എണ്ണം വർധിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ സമ്പർക്ക രോഗികളുടെ എണ്ണത്തില്‍ കാര്യമായ വർധനവില്ലാത്തതും മരണനിരക്ക് വർധിക്കാത്തതും ആശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജൂൺ 27ന് കോഴിക്കോട് ആത്മഹത്യ ചെയ്ത നടക്കാവ് സ്വദേശിയുടെ സ്രവ പരിശോധനഫലം പോസ്റ്റീവായി. മലപ്പുറം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ രോഗികൾ ഉള്ളത്. മലപ്പുറം - 34, കണ്ണൂർ- 27, തൃശൂർ-18, പാലക്കാട്- 17,എറണാകുളം - 12 കാസർകോട് - 10, ആലപ്പുഴ - 8, പത്തനംതിട്ട- 6, കോഴിക്കോട് -6, കോട്ടയം-4, തിരുവനന്തപുരം- 4, കൊല്ലം- 3, വയനാട്- 3, ഇടുക്കി- 1 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,87,219 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,84,388 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്‍റെനിലും 2831 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 290 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊല്ലം -2, തൃശൂര്‍ -16, കാസര്‍കോട് -16, കോഴിക്കോട്-15, കണ്ണൂര്‍- 13, മലപ്പുറം- 12, പാലക്കാട്- 11, ആലപ്പുഴ- 9, കോട്ടയം -6, പത്തനംതിട്ട- 5, തിരുവനന്തപുരം-3, ഇടുക്കി-2, വയനാട് -2, എറണാകുളം-1 എന്നിങ്ങനെയാണ് പരിശോധനഫലം നെഗറ്റീവായവരുടെ കണക്ക്. 2436 പേര്‍ സംസ്ഥാനത്ത് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 6564 സാമ്പിളുകൾ പരിശോധിച്ചു. റുട്ടീന്‍ സാമ്പിള്‍, ഓഗ്‌മെന്‍റഡ് സാമ്പിള്‍, സെന്‍റിനല്‍ സാമ്പില്‍, പൂള്‍ഡ് സെന്‍റിനില്‍, സി.ബി നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,017 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 4042 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനി ലഭിക്കാനുണ്ട്. ഇതു കൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ തുടങ്ങി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 50,448 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 48,442 സാമ്പിളുകള്‍ നെഗറ്റീവായി. ഇന്ന് ഏഴ് പുതിയ ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്. നിലവില്‍ 124 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.