സംസ്ഥാനത്ത് 121 പേര്‍ക്ക് കൂടി കൊവിഡ് - മുഖ്യമന്ത്രി പിണറായി വിജയന്‍
17:17 June 29
79 പേര്‍ക്ക് രോഗമുക്തി. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 2057 ആയി.
തിരുവനന്തപുരം: സംസ്ഥാനത്ത് 121 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 79 പേര്‍ ഇന്ന് രോഗമുക്തരായി. ഈ മാസം 24 ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ വച്ച് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ സ്രവ പരിശോധന ഫലം പോസിറ്റീവ് ആയി. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി. 4313 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്തുനിന്നും വന്നവരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ 26 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ അഞ്ച് പേര്‍ക്കുമാണ് രോഗബാധ. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പത് സി.ഐ.എസ്.എഫ് ജവാന്മാര്‍ക്കും വൈറസ് ബാധയുണ്ട്. തൃശൂര്‍(26), കണ്ണൂര്‍(14),മലപ്പുറം(13), പത്തനംതിട്ട(13), പാലക്കാട്(12), കൊല്ലം(11), കോഴിക്കോട്(9),ആലപ്പുഴ(5), ഇടുക്കി(5), എറണാകുളം(5), തിരുവനന്തപുരം(4), കാസര്‍കോട്(4) എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 5244 സാമ്പിളുകളാണ് പരിശോധിച്ചത്. 108617 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 2662 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 281 പേരെ ആശുപത്രിയിലേക്ക് മാറ്റി.