തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ അതിനിർണായക ദിനങ്ങളിലൂടെയാണ് കേരളം കടന്നു പോകുന്നതെന്ന വിലയിരുത്തലുമായി ആരോഗ്യ വകുപ്പ്. ദിനം പ്രതി രോഗികളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്. എത്രയധികം പേരെ പരിശോധിക്കുന്നുവോ അതിന് അനുപാതികമായി രോഗികളുടെ എണ്ണവും വർധിക്കുന്നു.
കേരളം കടന്നു പോകുന്നത് അതിനിര്‍ണായക ദിനങ്ങളിലൂടെ - Kerala covid
കൊവിഡ് വ്യാപനത്തില്‍ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കില്‍ സ്ഥിതി ഗുരതരമാകുമെന്നാണ് വിദഗ്‌ധരുടെ നിർദേശം
ഇന്നലെയും ഇന്നുമായി മൂന്ന് ലക്ഷം പരിശോധനകൾ നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. അതിന് അനുസരിച്ച് രോഗികളുടെ എണ്ണം വലിയ രീതിയില്‍ വര്‍ധിക്കുമെന്നാണ് കണക്കു കൂട്ടല്‍. പ്രതിദിന രോഗികളുടെ എണ്ണം അൻപതിനായിരം വരെ എത്തിയേക്കുമെന്നും വിലയിരുത്തപ്പെടുന്നു. രോഗികളുടെ എണ്ണം ഇരട്ടിയാകാന്‍ ആകാനെടുക്കുന്ന സമയം 10 ദിവസത്തില്‍ താഴെയായിട്ടുണ്ട്. ഇത് വ്യാപനത്തിന്‍റെ തീവ്രത എത്രത്തോളം വലുതായെന്നാണ് സൂചിപ്പിക്കുന്നത്. പരമാവധി രോഗികളെ കണ്ടെത്തി നിരീക്ഷണത്തിൽ ആക്കിയില്ലെങ്കില്‍ സമൂഹവ്യാപനം എന്ന് വലിയ വിപത്തിലേക്ക് കേരളം പോകും. ഇപ്പോള്‍ തന്നെ ഓരു കൊവിഡ് രോഗിയില്‍ നിന്ന് നാലു പേര്‍ കൊവിഡ് ബാധിതരാകുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്.
കൊവിഡിന്‍റെ ആദ്യ കാലത്ത് ഒരാളില്‍ നിന്ന് രോഗം പകരുന്നത് രണ്ടിൽ താഴെയായിരുന്നു. ഇതാണ് ഇപ്പോള്‍ നാലായി മാറിയിരിക്കുന്നത്. കേരളത്തിന്‍റെ പ്രതിരോധത്തിന്‍റെ പാളിച്ചകളാണ് ഇത് സൂചിപ്പിക്കുന്നത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നില്‍ താഴെയെത്തിക്കുന്നതിനാണ് പരമാവധി പരിശോധന നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു ലക്ഷം പരിശോധന നടത്തുമ്പോള്‍ 15000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നു. അതേ സമയം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 18ന് മുകളിലാണ് ഇപ്പോൾ. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കില്‍ സ്ഥിതി ഗുരതരമാകുമെന്നാണ് ആരോഗ്യ വകുപ്പിന് വിദഗ്‌ധര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.