തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ വാരാന്ത്യ ലോക്ക്‌ഡൗണ്‍ തുടരും. പുതിയ ഇളവുകള്‍ വേണ്ടെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.
പെരുന്നാളിന് കൂടുതല്‍ ഇളവുകൾ അനുവദിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഇന്ന് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പുതിയ ഇളവുകള്‍ വേണ്ടെന്ന് തീരുമാനിച്ചത്.
വെള്ളിയാഴ്‌ച മൂന്ന് ലക്ഷം കൊവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കണമെന്നും അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്‌ച 16,848 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 104 മരണങ്ങളും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 11.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്.
Also Read:KERALA COVID CASES: കേരളത്തിൽ 16,848 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു