കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊവിഡ് - മുഖ്യമന്ത്രി വാർത്താ സമ്മേളനം

CM PRESS MEET  കേരളത്തിൽ കൊവിഡ് 19  മുഖ്യമന്ത്രി വാർത്താ സമ്മേളനം  kerala covid 19
കൊവിഡ്

By

Published : Mar 30, 2020, 6:05 PM IST

Updated : Mar 31, 2020, 12:03 AM IST

17:52 March 30

ഇതോടെ കേരളത്തിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളവരുടെ എണ്ണം 213 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 32 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 17 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. എന്നാൽ 15 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്. കാസർകോട് 17, കണ്ണൂർ 11, വയനാടും ഇടുക്കിയും രണ്ട് വീതം എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 213 ആയി. കേരളത്തിൽ ഇന്നലെ വരെ രോഗം ബാധിച്ച് ചികിത്സയിലായിരുന്നവരുടെ എണ്ണം 181 ആയിരുന്നു. 

1,57,253 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 623 പേർ ആശുപത്രികളിലാണ്. 6,991 സാമ്പിളുകൾ അയച്ചതിൽ 6,031 എണ്ണം നെഗറ്റീവാണ്. കാസർകോട് മാത്രം ആകെ രോഗബാധിതരുടെ എണ്ണം 106 ആയി. ജില്ലയിൽ സമൂഹ വ്യാപനമില്ല. കാസർകോട് അതിർത്തി പ്രശ്‌നം പരിഹരിക്കാൻ ഗവർണർ ഇടപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു.  

അതിഥി തൊഴിലാളികൾക്ക് ഒരിടത്തും പട്ടിണി കിടക്കേണ്ട സ്ഥിതിയില്ല. അവർ കഴിക്കുന്ന ഭക്ഷണം നൽകുന്നുണ്ട്. തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കേണ്ടത് കരാറുകാരാണ്. ടിവി ഉൾപ്പെടെയുള്ള കൂടുതൽ സൗകര്യവും ഒരുക്കുന്നതാണ്. എന്നാൽ ഒന്നിലധികം ശക്തികൾ പ്രവർത്തിച്ച ആസൂത്രിത പ്രതിഷേധമാണ് പായിപ്പാട്ട് സംഭവിച്ചത്. തൊളിലാളികളെ ഇളക്കി വിട്ടതാണ്. തൊളിലാളികളെ തെറ്റിദ്ധരിപ്പിച്ച രണ്ട് പേരെ മലപ്പുറത്ത് പിടികൂടുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിലുള്ള കേരളത്തിന്‍റെ മികവിനെ താറടിക്കാനുള്ള ശ്രമമാണ് പായിപ്പാട്ട് നടന്നത്. തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവർക്ക് വേണ്ടി സംസ്ഥാനതലത്തിൽ കൺട്രോൾ റൂം ഒരുക്കുമെന്നും ക്ഷേമം ഉറപ്പാക്കാൻ ഹിന്ദിയറിയാവുന്ന ഹോം ഗാർഡുകളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

അതേസമയം കൊവിഡ് പ്രതിരോധത്തിനായി ആയുർവേദം ഉപയോഗിക്കും. തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് നടപടി കൂടുതല്‍ കര്‍ക്കശമാക്കും. പൊരിവെയിലത്ത് കഠിനാധ്വാനം ചെയ്യുന്ന പൊലീസുകാരുടെ ജോലിസമയം ക്രമീകരിക്കുന്നതിനും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും സായുധസേന എഡിജിപിയെ ചുമതലപ്പെടുത്തി. എല്ലാ പൊലീസുകാർക്കും ദിവസേന എസ്എംഎസ് നൽകും. ബാങ്ക് ജീവനക്കാർക്ക് പ്രത്യേക പാസ് നൽകാൻ തീരുമാനമായി. കുടുംബശ്രീ വഴിയുള്ള വായ്‌പ ഉടൻ പ്രാവർത്തികമാകുമെന്നും എടിഎമ്മിൽ വൈകാതെ പണം നിറക്കുമെന്നും ബാങ്കേഴ്‌സ് സമിതിയുടെ ഉറപ്പ് ലഭിച്ചു. സംസ്ഥാനത്തെ ചരക്ക് നീക്കം മൂന്നായി ക്രമപ്പെടുത്തും. മരുന്ന്, പാചക വാതകം എന്നിവ ഒന്നാം വിഭാഗത്തിലും പഴം, പച്ചക്കറി എന്നിവ രണ്ടാം വിഭാഗത്തിലും മറ്റ് ആവശ്യങ്ങൾ മൂന്നാം വിഭാഗത്തിലും ഉൾപ്പെടുത്തുമെന്നും പിണറായി വിജയൻ അറിയിച്ചു.  

സ്‌കൂളുകളില്‍ അരിയും പയറും മറ്റും കെട്ടിക്കിടന്ന് നശിച്ചു പോകുന്ന സാഹചര്യമുണ്ടെങ്കില്‍ പി.ടി.എ ഇടപെട്ട് ന്യായവിലക്ക് അവ വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാകം ചെയ്‌ത് കഴിക്കാൻ ശേഷിയില്ലാത്തവർക്കാണ് കമ്മ്യൂണിറ്റി കിച്ചനെന്നും പണം കൊടുത്ത് ഭക്ഷണം വാങ്ങാനുള്ളതല്ലെന്നും മുഖ്യമന്ത്രി ഓർമപ്പെടുത്തി. ആദിവാസികൾക്ക് അവശ്യ സേവനങ്ങൾ ഉറപ്പാക്കാൻ നടപടിയെടുക്കും. മാർച്ച് 31ന് വിരമിക്കുന്നവർ ഔപചാരികമായി വിരമിച്ചില്ലെങ്കിലും വിരമിച്ചതായി കണക്കാക്കും. അടുത്ത അധ്യയന വർഷത്തേക്കുള്ള അപേക്ഷകൾ ഇപ്പോൾ ക്ഷണിക്കരുത്. എന്നാൽ വിദ്യാർഥികൾക്ക് ഓൺലൈൻ കോഴ്‌സുകൾക്ക് ചേരാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.  

നാടിന്‍റെ നട്ടെല്ലായി മാറിയവരാണ് പ്രവാസികൾ. കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ അവരോട് മോശമായി പെരുമാറരുത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ അവരെ അപഹസിക്കരുത്. സർക്കാർ ജീവനക്കാരോട് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. ലോക്‌ഡൗൺ കാലത്ത് ഒരു സ്വകാര്യ സ്ഥാപനവും ശമ്പളം കുറക്കുകയോ നൽകാതിരിക്കുകയോ ചെയ്യരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.  

Last Updated : Mar 31, 2020, 12:03 AM IST

ABOUT THE AUTHOR

...view details